കൊച്ചി: അസിസ്റ്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആശുപത്രിയിലുള്ള ഡോക്ടർക്ക് ആംബുലൻസിലുള്ള രോഗിയെ പരിശോധിക്കാൻ സംവിധാനമൊരുക്കി യുവാക്കൾ.
അപകടത്തിൽപെടുന്നവരുടെ ജീവൻ നിലനിർത്താൻ അപ്പോത്തിക്കരി എന്ന പേരിൽ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത് ഡോ. നദീംഷാ, മുനീബ് അബ്ദുൽ മജീദ്, ഹൈദർ ഷെഹൻഷ എന്നിവരാണ്.
അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസ് 11ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ശശി തരൂർ എം.പി നിർവഹിക്കും. ആസ്റ്റർ ഗ്രൂപ്പിന്റെ എറണാകുളത്തെ ആശുപത്രിയുമായി ചേർന്നാണ് പ്രവർത്തനം ആരംഭിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസ്, കേരളത്തിലെ ആദ്യ ഫൈവ് ജി എനേബിൾഡ് ലൈവ് ആംബുലൻസ് എന്നീ സവിശേഷതകളും ഇതിനുണ്ടെന്ന് ഡോ. നദീംഷാ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അപകടത്തിൽപെട്ട രോഗിയുടെ പ്രാഥമിക ചികിത്സ ഉറപ്പുവരുത്താൻ ടെലി മെഡിക്കൽ സോഫ്റ്റുവെയറുകളുടെ സഹായത്തോടെ ലൈവായി ലോകത്തെവിടെയുമുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ ബന്ധപ്പെടാനും എമർജൻസി ഡോക്ടർമാർക്ക് രോഗിക്ക് ആവശ്യമായ ചികിത്സ നിർദേശങ്ങൾ നൽകാനും സാധിക്കുമെന്നതാണ് പ്രത്യേകത. അൾട്രാ സൗണ്ട് സ്കാൻ, രക്തപരിശോധന, എക്കോ, ഇ.സി.ജി, ഡിജിറ്റൽ സ്റ്റെതസ്കോപ്പ് പൾസ് ഓക്സിമീറ്റർ റേറ്റ്, ഹാർട്ട് റേറ്റ് എന്നിവ ഹോസ്പിറ്റൽ എമർജൻസി കൺട്രോൾ മുറിയിലേക്കോ സോഫ്റ്റുവെയർ വഴി തത്സമയമായി ഡോക്ടർമാരുടെ മൊബൈലിലേക്കോ കൈമാറാനാകും. ഇതിലൂടെ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ രോഗിക്ക് കൃത്യമായ പ്രാഥമിക ചികിത്സ ലഭിക്കും.
പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ ഉറച്ച പിന്തുണ നൽകിയത് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീനാണെന്ന് ഡോ. നദീംഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.