കൽപറ്റ: പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടറെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് നീക്കി. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് (36) ഡി.എം.ഒ ഡോ. പി. ദിനേഷ് കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിലെ ചുമതലയിൽനിന്ന് മാറ്റിയത്.
അതേസമയം, രണ്ടാം തീയതി ഉച്ചക്കാണ് ഉത്തരവിറങ്ങുന്നത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന പഠനവൈകല്യമുള്ള വിദ്യാർഥികൾക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച ഡോക്ടറെത്തന്നെ നിയമിച്ചതു സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
കൽപറ്റ: ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷിച്ച ഡോക്ടർക്കെതിരായ ആരോഗ്യ വകുപ്പിന്റെ നടപടി കണ്ണിൽ പൊടിയിടൽ. ഡോക്ടർക്കെതിരെ നടപടിയെടുത്തുവെന്ന് വരുത്തിത്തീർക്കാനാണ് എൽ.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് രണ്ടു ദിവസത്തേക്ക് ഡോക്ടറെ നീക്കിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാം തീയതി ഉച്ചക്കാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.
രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന എൽ.ഡി സ്ക്രീനിങ് ചുമതലയിൽനിന്ന് നീക്കിയെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവിറങ്ങുമ്പോൾ തന്നെ ഒരു ദിവസം പിന്നിട്ടിരുന്നു. ഇതിനും ദിവസങ്ങൾക്കുമുമ്പ് അദ്ദേഹം തന്നെയായിരുന്നു എൽ.ഡി സ്ക്രീനിങ്ങിൽ കുട്ടികളെ പരിശോധിച്ചത്. ഫലത്തിൽ ഒരു ദിവസത്തെ ചുമതലയിൽനിന്നു മാത്രമാണ് ഇദ്ദേഹത്തെ മാറ്റിയത്.
ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷിച്ച ഡോക്ടറെത്തന്നെ വീണ്ടും കുട്ടികളെ പരിശോധിക്കാനുള്ള ചുമതല ഏൽപിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ്, ക്യാമ്പ് നടക്കുന്ന കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലേക്കും കെ.എസ്.യു ഡോക്ടറുടെ വീട്ടിലേക്കും മാർച്ച് നടത്തി പ്രതിഷേധിച്ചിരുന്നു.
ലൈംഗികാതിക്രമ കേസിൽ കോടതി ശിക്ഷിച്ച ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെതിരെ നടപടി ആവശ്യപ്പെട്ട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിമൻ ജസ്റ്റിസ് മൂവ്മെന്റും മാർച്ച് നടത്തിയിരുന്നു. രണ്ടു വർഷം തടവും 20,000 പിഴയുമാണ് ജനുവരി 25ന് കൽപറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി പി. നിജേഷ് കുമാർ ശിക്ഷിച്ചത്.
2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ, കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വിഷാദരോഗത്തിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്.
എന്നാൽ, കോടതി ശിക്ഷിച്ചിട്ടും സസ്പെൻഷനോ മറ്റു നടപടികളോ സ്വീകരിക്കാതെ അധികൃതർ വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ക്യാമ്പിന്റെ ചുമതല ഡോക്ടറെ ഏൽപിക്കുകയായിരുന്നു. കെ.ജിഎം.ഒ മുൻ ജില്ല പ്രസിഡന്റ് കൂടിയായ ഡോക്ടറെ ഭരണപക്ഷത്തുള്ള ചിലരും ആരോഗ്യ വകുപ്പിലെ ചിലരും ചേർന്ന സംരക്ഷിക്കുകയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.