സഹകരണ ബാങ്കിലെ പണം തിരികെ കിട്ടാനായി വനിത ഡോക്ടറുടെ പ്രതിഷേധം

നേമം: പള്ളിച്ചല്‍ ഫാര്‍മേഴ്സ്‌ സഹകരണ ബാങ്കില്‍നിന്നും നിക്ഷേപം തിരികെ കിട്ടാത്തതിനെ തുടർന്ന് വനിത ഡോക്ടറുടെ പ്രതിഷേധം. നിക്ഷേപമായി നല്‍കിയ അഞ്ച് ലക്ഷം രൂപ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പേയാട് സ്വദേശിനിയായ വനിത ഡോക്ടർ പ്രതിഷേധവുമായെത്തിയത്.

നിക്ഷേപ തുക ആവശ്യപ്പെട്ട് പല തവണ ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസില്‍ പരാതി നൽകിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 31നകം തിരികെ പണം നല്‍കാമെന്ന് ബാങ്ക് സമ്മതിച്ചിരുന്നതാണെന്നും ഡോക്ടര്‍ പറയുന്നു.

തുടർന്ന് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് വനിത ഡോക്ടർ ബാങ്കിലെത്തിയത്. മഴയില്‍ തകര്‍ന്ന വീടിന്‍റെ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കാനായി മുഴുവന്‍ തുക ഇല്ലെങ്കില്‍ രണ്ട് ലക്ഷം രൂപയെങ്കിലും നല്‍കി ബാക്കി തുക പിന്നീട് നല്‍കിയാൽ മതിയെന്ന് ആവശ്യപ്പെട്ടു. തുക കിട്ടാതായതോടെ ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. രാത്രി വൈകിയും പ്രതിഷേധം അവസാനിപ്പിക്കാത്തതിനെ തുടർന്ന് നരുവാമൂട് പൊലീസ് ബാങ്കിലെത്തി.

ബാങ്ക് അധികൃതരോടും ഡോക്ടറോടും സംസാരിച്ച് പണം ഗഡുക്കളായി മടക്കി നല്‍കാമെന്ന കരാറുണ്ടാക്കുകയും ആദ്യ ഗഡുവായി 50,000 രൂപ നല്‍കുകയും ചെയ്തു. ബാക്കി തുക ഒക്‌ടോബര്‍30നകം നല്‍കാമെന്ന ഉറപ്പിൽ ഡോക്ടർ പ്രതിഷേധം അവസാനിപ്പിച്ചു. പള്ളിച്ചല്‍ ഫാര്‍മേഴ്സ് സഹകരണ ബാങ്കിനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - doctor's protest to get back the money in the cooperative bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.