തിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടൽ കുറിപ്പ് ഉൾപ്പെടെയുള്ള ഫയൽ നോട്ടും സെലക്ഷൻ പട്ടികയും മറ്റു രേഖകളും ഹാജരാക്കാൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ്. അഡീഷനൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകേണ്ടതെന്നും നിർദേശിച്ചു.
സെലക്ഷൻ കമ്മിറ്റി തയാറാക്കുകയും ഡിപ്പാർട്ടുമെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡി.പി.സി) അംഗീകരിക്കുകയും ചെയ്ത 43 പേരുടെ പട്ടികയിൽനിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഏഴ് അധ്യാപകർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് രേഖകൾ ഹാജരാക്കേണ്ടത്. 43 പേരുടെ പട്ടിക അംഗീകരിച്ച ഡി.പി.സി യോഗ മിനിറ്റ്സും അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും നിർദേശിക്കുന്ന മന്ത്രിയുടെ കുറിപ്പടങ്ങിയ ഫയൽ നോട്ടും ഹരജിക്കാർ ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ കുറിപ്പും ഡി.പി.സി മിനിറ്റ്സും സെലക്ഷൻ പട്ടികകളും ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.
43 പേരുടെ പട്ടികയിൽനിന്ന് നിയമനം നടത്തി ഒരാഴ്ചക്കകം ഉത്തരവ് ഹാജരാക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവിനെതിരെ സർക്കാർ റിവ്യൂ ഹരജി സമർപ്പിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിർദേശപ്രകാരം നേരത്തേ സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരിൽനിന്ന് അപ്പീൽ കമ്മിറ്റി രൂപവത്കരിച്ച് പരാതി സ്വീകരിക്കുകയും 43 പേരുടെ പട്ടിക 76 പേരുടേതാക്കി വിപുലീകരിക്കുകയും ചെയ്തിരുന്നു. അയോഗ്യരായവർക്കുവേണ്ടി അപ്പീൽ കമ്മിറ്റി രൂപവത്കരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ യോഗ്യത നേടിയ ഏതാനും അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുമുണ്ട്. പുതിയ പട്ടികയുണ്ടാക്കുമ്പോൾ യോഗ്യരായ മുഴുവൻ പേർക്കും അവസരം നൽകണമെന്ന് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.