കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിടിയിലായ പ്രതി ഡൊമിനിക് മാർട്ടിന്‍റെ ഫേസ്ബുക്ക് ലൈവ്. സ്ഫോടനം നടന്ന് അധികം വൈകാതെതന്നെ ഇയാൾ എഫ്.ബി പേജിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലൈവ് നൽകിയിരുന്നു. ഇതിനുശേഷമാണ് കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതേസമയം ഇയാളുടെ വിഡിയോ വൈറലായതോടെ വൈകീട്ടോടെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷവുമായി.
ഡൊമിനിക് മാർട്ടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
‘എന്‍റെ പേര് മാർട്ടിൻ... ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങളെല്ലാവരും അറിഞ്ഞു കാണും. യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു കൺവെൻഷനിൽ ഒരു ബോംബ് സ്‌ഫോടനമുണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതമുണ്ടാവുകയും ചെയ്‌തിട്ടുണ്ട്. എന്തു സംഭവിച്ചു എന്നെനിക്ക് കൃത്യമായി അറിയില്ല. എന്നാൽ, സംഭവിച്ചു എന്നുറപ്പുണ്ട്. അതിന്‍റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. ഞാനാണ് ആ ബോംബ് സ്‌ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ ബോംബ് സ്‌ഫോടനം നടത്തിയത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇപ്പോൾ ചെയ്യുന്നത്.
16 വർഷമായി ഞാൻ ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നയാളാണ്. അന്നൊന്നും അത്ര ഗൗരവത്തോടെ ഇതിനെ എടുത്തിരുന്നില്ല, തമാശയായിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, ഒരു ആറു വർഷമായി ഈ പ്രസ്ഥാനത്തിന്‍റെ പോക്ക് തെറ്റായ രീതിയിലാണെന്നും ഇതിലെ പഠിപ്പിക്കലുകൾ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും എനിക്ക് മനസ്സിലാവുകയും ഇതെല്ലാം തിരുത്തണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ, അവരാരും ഇതു തിരുത്താൻ തയാറാകുന്നില്ല. വളരെയധികം പ്രാവശ്യം ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഒരു രാജ്യത്ത് ജീവിച്ചുകൊണ്ട് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ വളരെ മോശമായ രീതിയിൽ വേശ്യാ സമൂഹമെന്നും നശിച്ചുപോകുന്ന ജാതികളെന്നും ഇവരുടെ കൂടെ കൂടരുതെന്നും കൂടെയിരുന്ന് ഭക്ഷണം കഴിക്കരുതെന്നും പഠിപ്പിക്കുന്ന പ്രസ്ഥാനമാണിതെന്നും ഇത് വളരെ തെറ്റായ ആശയമാണിതെന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
നാല് വയസ്സുള്ള നഴ്സറി കുട്ടിയുടെയടുത്ത് അവർ പറഞ്ഞു വിടുകയാണ്, സഹപാഠി തരുന്ന മിഠായി നീ കഴിക്കരുത്. 50 കുട്ടികളുള്ള ക്ലാസിൽ 49 പേരും മിഠായി കഴിക്കുമ്പോൾ ഒരു കുട്ടിയുടെ അവസ്ഥ ആലോചിച്ചു നോക്കൂ. മാതാപിതാക്കൾ നാല് വയസ്സു മുതൽ അവന്‍റെ ബ്രെയിനിലേക്ക് എത്രമാത്രം പോയിസനാണ് കയറ്റുന്നതെന്ന്. ആ കുട്ടിയോട് പറയുകയാണ്, ദേശീയഗാനം പാടരുത്. ഒന്ന് ആലോചിച്ച് നോക്കൂ. ഇത്ര ചെറുപ്പത്തിലേ എത്ര മാത്രം വിഷമാണ് കുട്ടികളുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുന്നത്. മുതിരുമ്പോൾ പഠിപ്പിക്കുന്നത് വോട്ട് ചെയ്യരുത്. അതെല്ലാം മോശം ആളുകളാണ്. അവരുടെ കൂട്ടത്തിൽ കൂടാൻ പാടില്ല. മിലിട്ടറി സേവനം ചെയ്യരുത്. ഗവൺമെന്‍റ് സർവിസ് പാടില്ല. ടീച്ചറാകാൻപോലും അവർ സമ്മതിക്കില്ല. അതെല്ലാം നശിച്ചു പോകുന്ന ജനവിഭാഗത്തിൽപെട്ട ആൾക്കാരുടെ ജോലിയാണ്. നമുക്ക് വിശ്വാസം ആകാം. കുഴപ്പമൊന്നുമില്ല. ഭൂമിയിൽ ജീവിക്കുന്നു മരിക്കുന്നു. ഇവർ പഠിപ്പിക്കുന്നത് ഭൂമിയിലെ എല്ലാവരും നശിക്കും. ഇവർ മാത്രം ജീവിക്കും.
850 കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരുവിഭാഗത്തെ നാം എന്താ ചെയ്യാ. മറ്റൊരു പോംവഴിയും എനിക്ക് കണ്ടെത്താനായില്ല. ഈ തെറ്റായ ആശയത്തോട് എനിക്ക് പ്രതികരിച്ചേ പറ്റൂ. എനിക്ക് വ്യക്തമായി അറിയുന്നതായിരുന്നത് കൊണ്ടും ഈ പ്രസ്ഥാനം രാജ്യത്തിന് അപകടമാണെന്ന് മനസ്സിലാക്കിയ നിമിത്തമാണ് എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. രാഷ്ട്രീയ പാർട്ടികളൊന്നും ഇടപെടില്ല. കാരണം, മതം എല്ലാവർക്കും ഒരു പേടിയാണ്. നിങ്ങളൊന്നു കണ്ണ് തുറക്കണം. ഇതുപോലത്തെ ഈ തെറ്റായ ആശയങ്ങൾ പടർത്തുന്നവരെ നിങ്ങൾ നിയന്ത്രിക്കുന്നില്ലെങ്കിൽ എന്നെപ്പോലെയുള്ള സാധാരണക്കാരാണ് ജീവൻ നൽകേണ്ടി വരുന്നത്.
ഇനിയെങ്കിലും നിങ്ങൾ കണ്ണു തുറക്കൂ. ഇത്ര മാത്രം മോശം... തന്‍റെ സഹോദരനല്ലേ, അമ്മയും പെങ്ങളുമല്ലേ അടുത്ത് നിൽക്കുന്നത്. അവരെ വേശ്യാ സമൂഹം എന്ന് നാമകരണം ചെയ്യാമോ. എത്രമാത്രം അധഃപതിച്ച ചിന്താഗതിയാണ്. അത് പഠിപ്പിച്ചുകൊടുക്കുന്നു ആളുകളെ. എല്ലാവവരും നശിച്ചു പോകും. 850 കോടി ജനങ്ങൾ നശിക്കും നമ്മൾ മാത്രം ജീവിക്കും. ഈ ആശയം എങ്ങനെ നമുക്കിവിടെ വളർത്തിക്കൊണ്ടു വരാൻ സാധിക്കും. ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ആശയം ശരിയാണെന്ന് തോന്നും. യഹോവയുടെ സാക്ഷികളെ നിങ്ങളുടെ ആശയം തെറ്റാണ്. നിങ്ങൾ മാസിക അച്ചടിച്ചിറക്കും. മറ്റുള്ളവരെ സഹായിക്കണം, ബഹുമാനിക്കണം. നിങ്ങൾ ഒരിക്കലും സഹായിക്കുകയോ ബഹുമാനിക്കുകയേ ചെയ്യുന്നില്ല.
ലഘുലേഖകളിൽ കാണുമായിരിക്കും മറ്റുള്ളവരെ സഹായിക്കണം, ബഹുമാനിക്കണം. കേസ് വരുമ്പോൾ മാത്രം കോടതിയിൽ വാദിക്കാൻ ഒരു പ്രൂഫ് മാത്രമാണ്. വെള്ളപ്പൊക്ക സമയത്ത് നിങ്ങളുടെ ആളുകളുടെ വീട്ടിൽ മാത്രം പോയി നിങ്ങൾ ക്ലീൻ ചെയ്ത് കൊടുത്തു. ഇക്കാര്യത്തിൽ ഞാനൊരു പോസ്റ്റിട്ടിരുന്നു. എഫ്.ബിയിൽ ഇപ്പോഴുമുണ്ട്. വളരെ ചിന്തിച്ചതിന് ശേഷം മാത്രമാണ് ഞാനൊരു തീരുമാനമെടുത്തിരിക്കുന്നത്. ഈ തെറ്റായ ആശയം നമ്മുടെ നാട്ടിൽ അവസാനിപ്പിച്ചേ പറ്റൂ. നിങ്ങൾ എങ്ങനെയും ചിന്തിച്ചോളൂ. മറ്റുള്ളവർ നശിച്ചുപോണം എന്ന ചിന്താഗതി സമൂഹത്തിൽ വളർത്താൻ പാടില്ല.
നമുക്ക് അന്നം തരുന്ന രാജ്യത്തെ ജനങ്ങളെ വേശ്യാ സമൂഹമെന്നും നശിച്ചു പോകുന്ന ജനങ്ങളെന്നും വിശേഷിപ്പിക്കുകയും നമ്മൾ മാത്രമാണ് നല്ലവരെന്നുമുള്ള ആ ചിന്തയെ ഞാൻ എതിർക്കുന്നു. ഈ പ്രസ്ഥാനം നമ്മുടെ നാടിന് ആവശ്യമില്ല എന്ന ബോധ്യത്തോടെയാണ് പറയുന്നത്. രണ്ടാമത്തെ കാര്യം ഞാനിപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ പോയി ഹാജരാവുകയാണ്. എന്നെ ആരും തെരഞ്ഞു വരേണ്ട.. പിന്നെ മൂന്നാമത്തെ കാര്യം. ഞാൻ എങ്ങനെ ഈ സ്‌ഫോടനം നടത്തി എന്ന കാര്യം ഒരു മാധ്യമവും ടെലികാസ്റ്റ് ചെയ്യരുത്. ആ സ്‌ഫോടനം നടത്തിയ മെത്തേഡ‍് സാധാരണക്കാർ മനസ്സിലാക്കിയാൽ വലിയ അപകടമാവും. അതിനാൽ ഒരു മീഡിയയും അതേക്കുറിച്ച് ആരും വെളിപ്പെടുത്തരുത്. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്നു. ബാക്കിയെല്ലാം പുറകെ കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.