‘ഞങ്ങളിലേക്ക് മാത്രമായി ഫോക്കസ് ചെയ്ത് സിനിമ വ്യവസായത്തെ തകർക്കരുത്’ -അഭ്യർഥനയുമായി മോഹൻലാൽ

തിരുവനന്തപുരം: സിനിമ വ്യവസായത്തെ തകർക്കരുതെന്ന അഭ്യർഥനയുമായി ‘അമ്മ’ മുൻ പ്രസിഡന്റ് മോഹൻലാൽ. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന, കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണിത്. അത് നിശ്ചലമായിപ്പോകും. എല്ലാ മേഖലകളിലും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയല്ല. നിരവധി പേരാണ് ആശങ്ക അറിയിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും സ്നേഹമുള്ള ഒരുപാട്​ പേർ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരും. ദയവ് ചെയ്ത് ഞങ്ങളിലേക്ക് മാത്രമായി ഫോക്കസ് ചെയ്ത് സിനിമ വ്യവസായത്തെ തകർക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം  അഭ്യർഥിച്ചു.

‘അമ്മ’ ട്രേഡ് യൂനിയൻ സ്വഭാവമുള്ള സംഘടനയല്ല. അതൊരു കുടുംബം പോലെയാണ്. പത്തഞ്ഞൂറ് പേരുള്ള ഒരു കുടുംബം. അതിലുള്ളവർക്ക് പ്രശ്നം വരുമ്പോൾ സഹായിക്കുന്നതിനും മറ്റും വേണ്ടി തുടങ്ങിയ സംഘടനയാണ്. എന്തിനും ഏതിനും ‘അമ്മ’യെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. ഒരാൾ മാത്രം, അല്ലെങ്കിൽ ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുക എന്നത് ശരിയല്ല. ഒരുപാട് സംഘടനകളുള്ള ബ്രഹത്തായ ഇൻഡസ്ട്രിയാണ് സിനിമ.

ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം ​സ്വാഗതാർഹമാണ്. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ വരണം. ഞാൻ രണ്ടു തവണ ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയിരുന്ന് എനിക്കറിയുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടുതൽ ശരങ്ങൾ വന്നത് എന്നിലേക്കും എന്റെ കൂടെയുള്ള ബാക്കി ആളുകളിലേക്കുമാണ്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽനിന്ന് പിന്മാറിയത്. അത് എല്ലാവരുടെയും അനുവാദത്തോടെ എടുത്ത തീരുമാനമാണ്. ‘അമ്മ’യുടെ പ്രവർത്തനങ്ങളൊന്നും നിർത്തിയിട്ടില്ല. വിവാദങ്ങളിൽനിന്ന് ഒളിച്ചോടിയിട്ടില്ല. 

ഇതിന് പിറകെ ഒരു സർക്കാറുണ്ട്, അത് നിയമിച്ചൊരു കമ്മിറ്റിയുണ്ട്. സർക്കാർ അതിനുള്ള തീരുമാനങ്ങൾ എടുക്കുന്നുണ്ട്. കുറ്റം ചെയ്തു എന്ന് പറയുന്നവർക്ക് പിന്നാ​​ലെ പൊലീസുണ്ട്. അതിന്റെ റിപ്പോർട്ടുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് കോടതി വരെ എത്തിനിൽക്കുന്ന ഒരു വിഷയമാണ്. അതിൽ ആധികാരികമായി ചോദിച്ചു കഴിഞ്ഞാൽ എനിക്ക് ആണ്, അല്ല എന്ന് പറയാനുള്ള അവസരമില്ല, ഞാൻ പറയില്ല. കൃത്യമായ തെളിവുകളുണ്ടെങ്കിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായം. 

ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ​ വേദനയുണ്ടെന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരം ആരംഭിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായും തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും മോഹൻലാൽ അറിയിച്ചു. അതേസമയം, വിവാദ വിഷങ്ങളിലൊന്നും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.


Tags:    
News Summary - 'Don't destroy the film industry by focusing only on us' - Mohanlal responded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.