മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊല കേസില്‍ വ്യാഴാഴ്ച മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത വിധി പറയും. കേസില്‍ 21 പ്രതികളാണുള്ളത്. ദൃക്സാക്ഷികളുള്‍പ്പെടെ 275 സാക്ഷികളെ വിസ്തരിച്ചു. 2012 ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം.
കുനിയില്‍ അത്തീഖ് റഹ്മാന് വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ നൂറ് തൊണ്ടിമുതലുകളും ശാസ്ത്രീയമായി തയാറാക്കിയ മൂവായിരത്തോളം രേഖകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
2018ൽ വിചാരണ തുടങ്ങിയെങ്കിലും കോവിഡും സാക്ഷി വിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയില്‍നിന്ന് തലശ്ശേരിയിലേക്ക് സ്ഥലം മാറിയതും കാരണം നടപടികള്‍ നീണ്ടു. ഇതിനിടയില്‍ വിസ്താരം നടത്തിയ ജഡ്ജി തന്നെ കേസില്‍ വിധി പറയണമെന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
എന്നാല്‍, നിലവില്‍ കേസ് കേള്‍ക്കുന്ന ജഡ്ജി ടി.എച്ച്. രജിത വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഈ ഹരജി സുപ്രീം കോടതി തള്ളി.
തുടര്‍ന്നാണ് കേസിലെ നടപടികൾ പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.