കൊച്ചി: ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ൈഹകോടതി. പട്ടികയിൽ ഇരട്ടവോട്ടുള്ളവർ ഒറ്റ വോട്ടുമാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ ഫോട്ടോയും സത്യവാങ്മൂലവും നിർബന്ധമാക്കണമെന്നതടക്കം നിർദേശത്തോടെ ഇതുസംബന്ധിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
ഇരട്ടവോട്ട് തടയണമെന്നും ബന്ധപ്പെട്ട ഉേദ്യാഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹരജി നൽകിയത്. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട കമീഷെൻറ മാർഗനിർദേശം കോടതി അംഗീകരിച്ചു.
• ഇരട്ടവോട്ടുള്ളവർ ബൂത്തിലെത്തുമ്പോൾ ഇവരുടെ ചിത്രമെടുക്കുകയും ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം എഴുതിവാങ്ങുകയും വേണം.
• ഫോട്ടോ ഡിജിറ്റലൈസ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷൻ സൂക്ഷിക്കണം. ആവശ്യമെങ്കിൽ കേന്ദ്ര-സംസ്ഥാന സേനയെ ബൂത്തുകളിൽ വിന്യസിക്കാം
• വോട്ട് ചെയ്തവർ ബൂത്ത് വിടുംമുമ്പ് കൈയിലെ മഷി മായ്ച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ഇവരുടെ ഒപ്പും വിരലടയാളവും ശേഖരിക്കണം.
• ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയാറാക്കിയാലുടൻ പ്രിസൈഡിങ് ഒാഫിസർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കണം.
• ഇരട്ടവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് കമീഷൻ പ്രസിദ്ധീകരിക്കണം.
• എല്ലാ പാർട്ടികളുെടയും പോളിങ് ഏജൻറുമാരുടെ സാന്നിധ്യം അനുവദിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.
ഫോട്ടോയുടെ അടിസ്ഥാനത്തിൽ ഇരട്ടവോട്ട് തിരിച്ചറിയാനും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും മുമ്പ് ഇത് നീക്കാനും സോഫ്റ്റ്വെയറിെൻറ സഹായത്തോെട സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമീഷനാണ് കഴിയുകയെന്ന് കോടതി നിരീക്ഷിച്ചു.
ഇരട്ടവോട്ട് നീക്കാൻ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരിൽനിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷമേ കഴിയൂയെന്നും കോടതി നിരീക്ഷിച്ചു.
കൊച്ചി: തപാല്‍വോട്ടുകള്‍ കർശന സുരക്ഷയോടെ സൂക്ഷിക്കണമെന്ന് ഹൈകോടതി. ഇതിനായുള്ള തെരഞ്ഞെടുപ്പ് കമീഷൻ മാർഗരേഖ കൃത്യമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ഥിയുടെയോ പ്രതിനിധിയുടെയോ സാന്നിധ്യത്തില്‍ സ്ട്രോങ്റൂം തുറന്ന് ബാലറ്റുകളെല്ലാം മുദ്രവെച്ച് കൊണ്ടുപോകുമെന്ന മാർഗരേഖയിലെ നിർദേശം പാലിക്കണം. യു.ഡി.എഫ് സ്ഥാനാർഥികളായ കെ. മുരളീധരന്, ആനാട് ജയന്, ദീപക് ജോയി എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.