തൃശൂർ: പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് കുറ്റുമുക്ക് സ്വദേശിയിൽനിന്ന് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ മൂന്ന് പ്രതികൾകൂടി പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഏരിന്റെ പുരയ്ക്കൽ വീട്ടിൽ തഷ്രീഫ് (24), പരപ്പനങ്ങാടി, പൊക്കുവിന്റെ പുരയ്ക്കൽ വീട്ടിൽ പി.പി. ജംഷാദ്, പരപ്പനങ്ങാടി സ്വദേശി പൂഴിക്കാരവൻ വീട്ടിൽ പി. ഫലാൽ (30) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്.
കേസിലെ ഒന്നാം പ്രതി ജനീഷ് ജബ്ബാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടാളികളായ മൂന്നു പ്രതികളാണ് കൂടുതൽ അന്വേഷണത്തിൽ പിടിയിലായത്.
കുറ്റുമുക്ക് സ്വദേശിയായ യുവാവിന്റെ ടെലിഗ്രാം അക്കൗണ്ട് വഴി ജെസ്സി എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തി കാർ അപ്പോയ്മെന്റ് -റെന്റ് എന്ന സ്ഥാപനത്തിന്റെ ഏജന്റാണെന്നും, ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 2,00,841 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു.
പിന്നീട് പണം തിരിച്ചുലഭിക്കാതെ വന്നതോടെ തട്ടിപ്പ് മനസ്സിലാക്കി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പിന്നീടു നടന്ന വിശദ അന്വേഷണത്തിലാണ് കേസിലുൾപ്പെട്ട നാലു പ്രതികളേയും പിടികൂടിയത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുധീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് എൻ. ശങ്കർ, സിവിൽ പൊലീസ് ഓഫിസർ വി.ബി. അനൂപ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.