കോഴിക്കോട്: സ്വവർഗ ലൈംഗികത വിവാദത്തിൽ മന്ത്രി ആർ. ബിന്ദുവിനെതിരെ എം.കെ മുനീർ എം.എൽ.എ. നിലവിലുള്ള വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവർഗ ലൈംഗികത ഈ കേരളത്തിൽ വേണമെന്നാണ് മന്ത്രിയുടെ ആവശ്യമെന്നും അതിനെ വിശ്വാസികൾ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രാമനാട്ടുകരയിൽ മുസ്‍ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് സമാപന സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആൺ ആണിനെയും പെണ്ണ് പെണ്ണിനേയും കല്ല്യാണം കഴിക്കണമെന്നാണ് മന്ത്രി പറയുന്നത്. നാസ്തികർ ചോദ്യംചെയ്യാൻ വന്നാൽ കൈകെട്ടി നോക്കി നിൽക്കില്ല. ഹെറ്റെറോ നോർമാറ്റിവിറ്റി എന്നു പറയുന്ന സാധാരണ വൈവാഹിക വ്യവസ്ഥക്ക് പകരം സ്വവർഗ ലൈംഗികത ഈ കേരളത്തിൽ വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. മന്ത്രി ആർ ബിന്ദു പറയുന്നത് ആൺ ആണിനെയും പെണ്ണ് പെണ്ണിനെയും കല്യാണം കഴിക്കണമെന്നാണ്. അഥവാ സ്വവർഗ ലൈംഗികത രാജ്യത്ത് വേണമെന്നാണ്. എയ്ഡ്സ് വരുത്തുന്നത് സ്വവർഗലൈംഗികതയാണ്. ഹെറ്റെറോ നോർമാറ്റിവിറ്റിയെ മറികടന്ന് ലെസ്ബിയനും ഗേയും ആയി അരാജകത്വം ഉണ്ടാക്കാൻ കാമ്പസിൽ ഏത് എസ്.എഫ്.ഐക്കാരനും ഡി.വൈ.എഎഫ്.ഐക്കാരനും വന്നാൽ അതിനെ ചെറുക്കാൻ ഞങ്ങൾ മുന്നിലുണ്ടാകും. ഈ രീതിയിൽ നാസ്തികർ നടത്തുന്ന പ്രചരണത്തെ വലിയ രീതിയിൽ വിശ്വാസികൾ പ്രതിരോധിക്കും’ -എം.കെ മുനീർ പറഞ്ഞു.
ഫറുഖ് കോളജ് വിഷയത്തിൽ മന്ത്രി ആർ. ബിന്ദു ജിയോ ബേബിയെ പിന്തുണക്കുന്ന രീതിയിലുള്ള ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിൽ സ്വവർഗ ലൈംഗികതയെ പിന്തുണക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ മന്ത്രി ആർ. ബിന്ദുവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് ലീഗ് നേതാക്കളുടെ പ്രതികരണം. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് യൂത്ത് മാർച്ച് വേദിയിൽ മുസ്‌ലിം ലീഗ് നേതാക്കൾ പങ്കുവെച്ചത്.
ഷാഫി ചാലിയമാണ് ആർ ബിന്ദുവിനെതിരെ ആദ്യം വിമർശനമുന്നിയിച്ചത്. സ്വവർഗ ലൈംഗികതതയെ പ്രകീർത്തിക്കുക വഴി നിലനിൽക്കുന്ന കുടുംബ കെട്ടുറപ്പുകളെ തകർക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജിയോ ബേബിയുടെ സിനിമകൾ ഇത്തരം പ്രൊപ്പഗണ്ടകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെ പ്രകീർത്തിക്കുന്ന ആർ ബിന്ദുവിന്റെ സമീപനം തികച്ചും തെറ്റാണ്. ഇതിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ നിലപാടെടുക്കണമെന്നും ഷാഫി ചാലിയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.