കൊച്ചി: കേരളത്തിലെ കോളജുകളില്‍ പുതുതായി ആവിഷ്‌കരിക്കപ്പെട്ട നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയതി ആഗസ്റ്റ് 31 വരെ നീട്ടുമെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ ചേര്‍ന്ന സംസ്ഥാനത്തെ സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും യോഗത്തിലാണ് ഈ തീരുമാനം.
നാലുവര്‍ഷ യു.ജി പ്രോഗ്രാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി യോഗമാണ് ചേര്‍ന്നത്. യോഗത്തില്‍ നാലുവര്‍ഷ യു.ജി പ്രോഗ്രാം വളരെ തൃപ്തികരമായിട്ടാണ് മുന്നോട്ടുപോകുന്നത് എന്ന് പ്രതിനിധികള്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളും അധ്യാപകരും വളരെ ആവേശത്തിലാണ്. ഗവണ്‍മെന്റ് മേഖലയിലും എയ്ഡഡ് മേഖലയിലും നല്ല നിലയിലുള്ള അഡ്മിഷന്‍ ഉണ്ടായിട്ടുണ്ട്. ഇനി പ്രൊഫഷണല്‍ കോഴ്‌സുകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചിലപ്പോള്‍ ഇപ്പോള്‍ ചേര്‍ന്ന കോളജുകളില്‍ നിന്ന് നീറ്റിന്റെയും കീമിന്റെയും ഒക്കെ ഭാഗമായിട്ട് മാറിപ്പോകുന്ന പക്ഷം സീറ്റ് ഒഴിവുകള്‍ക്കു സാധ്യതയുണ്ട് എന്നത് കണക്കിലെടുത്ത് ഓഗസ്റ്റ് 31 വരെ നാലുവര്‍ഷ ബിരുദ പ്രവേശനം നീട്ടാന്‍ തീരുമാനിച്ചു. 31നു മുന്‍പായി അതത് യൂനിവേഴ്‌സിറ്റി സ്‌പോട്ട് അഡ്മിഷന്‍ ക്രമീകരിച്ചുകൊണ്ട് നിലവില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് ഫില്‍ ചെയ്യുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
കേരള, മഹാത്മാഗാന്ധി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളില്‍പ്പെടുന്ന ഗവണ്‍മെന്റ്, എയ്ഡഡ് കോളജുകളില്‍ മികച്ച രീതിയിലുള്ള പ്രവേശനം ഇതുവരെ സാധിച്ചു. പ്രഫഷണല്‍ കോളജുകളില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തില്‍ കുട്ടികള്‍ സീറ്റു വിട്ടു പോവുകയാണെങ്കില്‍ അത് ഫില്ല് ചെയ്യുന്നതിന് അടിയന്തര ക്രമീകരണം നിലയിലാണ് പ്രവേശനം ഓഗസ്റ്റ് 31 വരെ നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.
ഒന്നാം സെമസ്റ്റര്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള ക്രമീകരണങ്ങള്‍ വേണമെന്ന കാര്യത്തില്‍ നേരത്തെ തന്നെ രജിസ്ട്രാര്‍മാരുടെയും കണ്‍ട്രോളര്‍മാരുടെയും സംയുക്ത യോഗങ്ങള്‍ പലതവണ ചേര്‍ന്നിരുന്നു. ഈ യോഗങ്ങളിലെ തീരുമാനങ്ങള്‍ പരീക്ഷകള്‍ക്കുള്ള മാർഗനിർദേശം എന്ന രൂപത്തില്‍ തയാറാക്കിയിട്ടുണ്ട്. വി.സിമാരുടെ യോഗത്തില്‍ ഉയര്‍ന്നു വന്ന ചില പ്രസക്തമായ കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ എല്ലാ സര്‍വകലാശാലകള്‍ക്കും ലഭ്യമാക്കും.
എല്ലാ സര്‍വകലാശാലകളിലും കെ റീപിന്റെ (കേരള റിസോഴ്‌സസ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ്) സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെ റീപ് എല്ലാ സര്‍വകലാശാലകളിലും രൂപീകരിക്കുന്നതിനു കേന്ദ്രതലത്തില്‍ ആശയവിനിമയം ചെയ്ത് ഒരു മാസത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ എല്ലാ കാമ്പസുകളിലും എല്ലാ സര്‍വകലാശാകളിലും ഉറപ്പാക്കും. നാലുവര്‍ഷ യു.ജി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രായോഗികതലത്തില്‍ ഉയര്‍ന്നുവന്ന എല്ലാ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.