തിരുവനന്തപുരം: മെഡിക്കൽ കോളജ് പി.ജി വിദ്യാർഥിനി ഡോ. ഷഹനയുടെ മരണത്തിൽ സുഹൃത്ത് ഡോ. റുവൈസിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന്. സ്ത്രീധന തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിന് പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. റുവൈസ് മെസേജുകൾ ഡിലീറ്റ് ചെയ്തതും ഫോണുകളുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
വിവാഹത്തിൽനിന്ന് പിന്മാറിയ റുവൈസിന് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ‘മരിക്കാൻ പോകുകയാണെന്ന്’ ഷഹ്ന വാട്സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെ റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്തു.
ഷഹനയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം കണ്ടെത്തിയത്. റുവൈസിന്റെ ഫോണിൽനിന്ന് ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. അന്ന് രാത്രിയാണ് ഷഹനയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഷഹന ജീവനൊടുക്കാൻ പെട്ടെന്നുണ്ടായ പ്രകോപനം ഇതാണോയെന്ന് അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി റുവൈസിന്റെയും ഷഹ്നയുടെയും ഫോണുകള്‍ വിദഗ്ധ പരിശോധനക്കായി കൈമാറി.
കേസില്‍ റുവൈസിന്റെ പിതാവ് ഉൾപ്പെടെയുള്ളവരെ പ്രതി ചേര്‍ക്കാനും ആലോചനയുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടതിൽ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്ന് ഷഹനയുടെ കുടുംബം മൊഴി നൽകിയിരുന്നു.
റുവൈസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പ്രതിക്ക് ജാമ്യം നൽകരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് മെഡിക്കൽ കോളജ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായി മാറിയ പ്രതി, ഭാവി പ്രതീക്ഷയായ യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിച്ചു.
പ്രതിയുടെ നീചപ്രവൃത്തി അപരിഷ്കൃതവും നിയമങ്ങളുടെ ലംഘനവുമാണ്. സ്ത്രീധന നിരോധന നിയമപ്രകാരം കരുനാഗപ്പള്ളി, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന, കുറ്റകൃത്യത്തിനിടയാക്കിയ ചടങ്ങുകളെക്കുറിച്ച് അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ബന്ധുക്കൾ പ്രതികളായേക്കും
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ഐ.എം.എ അംഗത്വം സസ്പെൻഡ് ചെയ്തു. പി.ജി ഡോക്ടർമാരുടെ സംഘടനയായ കെ.എം.പി.ജി.എയുടെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ്.
പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു. സമയബന്ധിതമായി കുറ്റപത്രം നൽകാനാണ് പൊലീസിന്റെ തീരുമാനം. തെളിവെടുപ്പുകള്‍ക്കായി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ പേർ പ്രതികളാകുമെന്നും സൂചനയുണ്ട്. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തുവെന്ന് ഷഹനയുടെ മാതാവ് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.