ന്യൂഡല്‍ഹി: ഗർഭിണികൾക്ക് നിയമനം തടയുന്ന സ്ത്രീവിരുദ്ധതയും ലിംഗ വിവേചനവും നിറഞ്ഞ സര്‍ക്കുലര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കണമെന്ന് ഡോ. വി. ശിവദാസന്‍ എം.പി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനോട് കത്തിലൂടെ ആവശ്യപ്പെട്ടു. പുതുതായി ബാങ്കില്‍ ജോലിക്കായി ചേരുന്നവരക്കായുള്ള പ്രമോഷൻ, മെഡിക്കല്‍ ഫിറ്റ്‌നസ്, ഒഫ്താല്‍മോളജിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ, 2021 ഡിസമ്പര്‍ 31ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീവിരുദ്ധവും ലിംഗ വിവേചനപരവുമായ പരാമര്‍ശങ്ങളാണ് ഉള്ളത്. പുതിയ സര്‍ക്കുലര്‍ പ്രകാരം മൂന്ന് മാസം ഗർഭിണിയായവർക്ക് മറ്റ് നിർദ്ദിഷ്ട യോഗ്യതകളെല്ലാം ഉണ്ടെങ്കിലും നിയമനം നൽകേണ്ട എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിയമനത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി ഗര്‍ഭധാരണത്തെ അയോഗ്യതയായി കണക്കാക്കേണ്ടതില്ല എന്ന് 2009ൽ എസ്.ബി.ഐ സര്‍ക്കുലറിലൂടെ നിർദ്ദേശം നൽകിയിരുന്നു. സമാനമായ മുന്നുത്തരവുകൾക്ക് എതിരായുണ്ടായ പ്രതിഷേധങ്ങളെ തുടർന്നായിരുന്നു അത്. അതിലൂടെ സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന വിവേചനപരമായ നടപടികള്‍ മുമ്പ് എസ്.ബി.ഐ തിരുത്താൻ ശ്രമിച്ചിരുന്നു.
രാജ്യത്തെ മുന്‍നിര പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ മാതൃകയാവേണ്ട സ്ഥാപനമാണ് എസ്.ബി.ഐ. എന്നാൽ, ഇപ്പൊൾ നിര്‍ഭാഗ്യവശാല്‍ തൊഴിലിടങ്ങളിലെ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള, ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങൾക്ക് വിരുദ്ധമായ സമീപനമാണ് എസ്.ബി. ഐ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീയാണെന്നും ഗര്‍ഭിണിയാണെന്നും ഉള്ള കാരണങ്ങളാല്‍ ജോലി ചെയ്യാനുള്ള അവകാശത്തെ റദ്ദ് ചെയ്യുന്ന ഇത്തരം നിലപാടുകൾ പ്രതിഷേധാര്‍ഹമാണ്. ഈ കാരണങ്ങളാൽ സീനിയോറിറ്റിയും അവകാശങ്ങളും നഷ്ടപ്പെടുത്തുന്ന രീതികൾ പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.