ഡോ. വന്ദനദാസ് വധം: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന്​ സർക്കാർ; മാതാപിതാക്കൾക്ക്​​ നിർദേശിക്കാം

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്നും ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ. പ്രോസിക്യൂട്ടർ ആരാകണമെന്ന്​ നിർദേശിക്കാൻ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി നൽകിയ വന്ദനയുടെ മാതാപിതാക്കളോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈകോടതിയിൽ സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ മേയ് 10ന് രാത്രി വൈദ്യപരിശോധനക്ക്​ ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്‍റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇത്​ മറച്ചു​െവച്ചാണ് അന്വേഷണമെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. അന്വേഷണ ഏജൻസിക്കെതിരായ തെളിവില്ലാത്ത ആരോപണത്തിന്‍റെ പേരിൽ മാത്രം അന്വേഷണ ഏജൻസി മാറേണ്ടതില്ലെന്നായിരുന്നു സർക്കാറിനുവേണ്ടി ഹാജരായ അഡീ. ഡയറക്ടർ ജനറൽ ഓഫ്​ പ്രോസിക്യൂഷന്‍റെ വാദം. പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന് സി.ബി.ഐയും അറിയിച്ചു.

അതിനിടെ, പ്രതി സന്ദീപിനെ ജസ്റ്റിസ് സോഫി തോമസ്​ ഹരജിയിൽ കക്ഷിചേർത്തു. ഹരജി വിശദ വാദത്തിന്​ ജനുവരി 18ലേക്ക് മാറ്റി. അതുവരെ വിചാരണ നടപടികൾക്കുള്ള സ്​റ്റേയും നീട്ടി.

Tags:    
News Summary - Dr. Vandana Das murder: Government may appoint special prosecutor; Parents can suggest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.