തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് പരിശോധന റിപ്പോര്‍ട്ട്. പേരൂര്‍ക്കട മാനസികരോഗാശുപത്രിയിലെ ഡോക്ടര്‍, പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലില്‍ കഴിയുന്ന സന്ദീപിനെ പരിശോധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പൂജപ്പുര ജയിലില്‍ കഴിയുന്ന സന്ദീപുമായി മാനസികരോഗാശുപത്രിയിലെ ഡോക്ടര്‍ ഏറെ നേരം സംസാരിച്ചിരുന്നു. ജയില്‍ സൂപ്രണ്ടും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ട സാഹചര്യമില്ല. അമിത മദ്യപാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സന്ദീപ് ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തി. ഇതുമായി ബന്ധപ്പെട്ടുണ്ടായ കുടുംബ പ്രശ്നങ്ങളും പങ്കുെവച്ചു. എന്നാല്‍, ലഹരിക്ക് അടിമയല്ലെന്നാണ് സന്ദീപ് ഡോക്ടറെ അറിയിച്ചത്. സംഭവദിവസം രാത്രി മദ്യപിച്ചിരുന്നു. കരാേട്ട അഭ്യാസിയായ തന്നെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു. നാട്ടുകാരുടെ ആക്രമണം ഭയന്നാണ് പൊലീസിനെ വിളിച്ചതെന്നും അയാൾ പറഞ്ഞു.
കൊട്ടാരക്കര ആശുപത്രിയില്‍ നടന്ന സംഭവങ്ങളും സന്ദീപ് ഓര്‍ത്തെടുത്തു. തന്നെ ആരോ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് കത്രിക കൈക്കലാക്കിയത്. വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലത്രെ. ആക്രമണത്തില്‍ ഡോക്ടർ മരിച്ച കാര്യവും അറിഞ്ഞിരുന്നില്ല. ജയിലില്‍ കഴിയുന്ന സന്ദീപിനെ വിവിധതരം പരിശോധനകള്‍ക്ക് വിധേയനാക്കി.
കൊട്ടാരക്കര താലൂക്ക് ആശുപത്രി സംഭവങ്ങള്‍ക്കുശേഷം ജയിലില്‍ എത്തിച്ച സന്ദീപ് ആദ്യദിവസങ്ങളില്‍ ആക്രമണസ്വഭാവം കാട്ടിയിരുന്നു.
എന്നാല്‍, പിന്നീട് ശാന്തതയിലേക്ക് മടങ്ങിയതായി ജയില്‍ അധികൃതരും പറയുന്നു. കേസ് അന്വേഷിക്കുന്ന കൊല്ലം ജില്ല ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.