കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ആശുപത്രിയിലെത്തിക്കുമ്പോൾ അയാൾ പരാതിക്കാരനായിരുന്നെന്നും ഫോണിലൂടെ സഹായം തേടുകയായിരുന്നെന്നും എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. മാധ്യമ പ്രവർത്തകരോട് സംഭവത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രാത്രി ഒരു മണിയോടെ എമർജൻസി നമ്പറിൽലേക്ക് സന്ദീപ് വിളിക്കുകയായിരുന്നു. തന്നെ ആളുകൾ ആക്രമിക്കുകയാണെന്നാണ് പറഞ്ഞത്. ലൊക്കേഷൻ കണ്ടെത്താനായില്ല. പിന്നീട് 3.30നും കോൾ വന്നു. ലൊക്കേഷൻ ലഭിച്ച് ചെന്നപ്പോൾ ഒരു വീടിന് മുന്നിൽ വടിയുമായി നിൽക്കുന്ന നിലയിലാണ് കണ്ടത്. ശരീരത്തിൽ മുറിവുള്ളതിനാൽ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. സന്ദീപിന്‍റെ ബന്ധുവും നാട്ടുകാരനും ഒപ്പമുണ്ടായിരുന്നു.
കാഷ്വാലിറ്റിയിലെത്തിച്ച് പരിശോധിക്കുമ്പോൾ കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് ഡ്രസിങ് റൂമിലേക്ക് മാറിയപ്പോഴാണ് അക്രമാസക്തനായത്. ആദ്യം കത്രിക എടുത്ത് ഹോംഗാർഡിനെ കുത്തി. ഇതുകണ്ട് ഓടിയെത്തിയ എയ്ഡ്പോസ്റ്റിലെ എസ്.ഐയെയും ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. എല്ലാവരും ഓടി തൊട്ടടുത്ത മുറിയിലേക്ക് കയറിയപ്പോൾ ഡോ. വന്ദനക്ക് ഓടിമാറാൻ കഴിഞ്ഞില്ല. തുടർന്ന് വന്ദനയെ കുത്തുകയായിരുന്നു -എ.ഡി.ജി.പി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം കുറുപ്പന്തറ സ്വദേശി വന്ദന ദാസ് (22) ആണ് ഇന്ന് പുലർച്ചെ നാലരയോടെ കൊല്ലപ്പെട്ടത്. പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റ് ചെയ്തു. പൊലീസുകാർ ആശുപത്രിയിലെത്തിച്ച അക്രമാസക്തനായി കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.