കൊല്ലം: ഡോ.വന്ദനദാസ് കൊലക്കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി എം.എം.ജോസ് കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.
കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. മറ്റൊരു കേസിൽ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ.വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്ക് കുത്തേൽക്കുകയും ചെയ്തു.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. മനഃപൂർവമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു.
പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിർണായകമാണ്.
26 മുറിവുകളായിരുന്നു ഡോ.വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകം, കൊലപാതകശ്രമം, ആശുപത്രിയിൽ കലാപവും അക്രമവും നടത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സന്ദീപിന് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നു തെളിയിക്കുന്ന ഒട്ടേറെ ഡോക്ടർമാരുടെയും വിദഗ്ധരുടെയും റിപ്പോർട്ട് കുറ്റപത്രത്തിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.