തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് ഇന്നും തുടരും. രാവിലെ 10.30ന് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. വിഷയം ഇന്ന് വീണ്ടും ഹൈകോടതി പരിഗണിക്കും. അതേസമയം, ഹൈകോടതിയിൽ ഡി.ജി.പി ഹാജരാകും. ഡോക്ടർ വന്ദനാ ദാസിന്‍റെ ദാരണുമായ കൊലപാതകത്തിനിടയാക്കിയ സാഹചര്യമാണ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റീസ് ദേവൻ രാമചന്ദ്രനും ജസ്റ്റീസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രാവിലെ 10ന് പ്രത്യേക സിറ്റിങ് നടത്തുന്നത്. സംസ്ഥാന പൊലീസ് മേധാവിയോട് ഓൺലൈനായി ഹാജരായി വിശദീകരണം നൽകാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
സംഭവം സംബന്ധിച്ച് പൊലീസ് റിപ്പോർട്ടും നൽകണം. ഡോക്ടർറുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റി എന്ന പ്രാഥമിക വിലയിരുത്തലാണ് ഇന്നലത്തെ സിറ്റിങ്ങിൽ കോടതിക്കുണ്ടായിരുന്നത്.
സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തുടർ നടപടികൾ വേണമെന്നും നിർദേശിച്ചിരുന്നു. അതേസമയം, കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടിൽ കാത്തിരുന്നത്. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ സംസ്‌കാരം നടക്കും. ഇതിനിടെ, ഡോക്ടർമാരുടെ സമരം ഉടൻ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് സർക്കാറിന്റെ ഭാഗത്തുനിന്നുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പ്രത്യേക നിയമം രൂപവൽകരിക്കുന്നതിനായുള്ള നീക്കവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.