തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി ഊർജ അവശ്യങ്ങൾ പരിഹരിക്കപ്പെടുംവിധമുള്ള ഊർജ നയത്തിന്റെ കരട് ആഗസ്റ്റിൽ പുറത്തിറക്കും. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകളിലേക്ക് സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതി ഉടൻ കടക്കും. റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി സബ് കമ്മിറ്റികളുടെ രൂപവത്കരണം തിങ്കളാഴ്ചയോടെ പൂർത്തിയാകും.
പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്ന് മാറി പുനരുപയോഗം സാധ്യമായതും പരിസ്ഥിതി സംരക്ഷണത്തിനുതകുന്നതുമായ ഊർജ സ്രോതസ്സുകൾ ശക്തിപ്പെടുത്തുകയാണ് പുതിയ ഊർജ നയം തയാറാക്കുന്നതിന്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞമാസം 18 അംഗ സമിതിയെ നിയോഗിച്ചു. ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷനായ സമിതിയിൽ കെ.എസ്.ഇ.ബി എം.ഡി, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, അനർട്ട് സി.ഇ.ഒ, എനർജി മാനേജ്മെൻറ് സെന്റർ സയറക്ടർ തുടങ്ങിയവർ അംഗങ്ങളാണ്. വിവിധ മേഖലകളുടെ വിവര സമർപ്പണത്തിനായി നിയോഗിക്കുന്ന സബ് കമ്മിറ്റികൾ ഫെബ്രുവരി 15 ഓടെ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇത് വിദഗ്ധ സമിതി പരിശോധിച്ച് ചർച്ചകൾക്കും തുടർ അവലോകനങ്ങൾക്കും ശേഷം ആഗസ്റ്റിൽ കരട് പുറത്തിറക്കും. ആഗസ്റ്റ് 15ന് കരട് നയം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
വൈദ്യുതോൽപാദനം ചെലവ് കുറച്ചും പരിസ്ഥിതി സൗഹൃദമായും വർധിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ, പുതിയ ഊർജ സ്രോതസ്സുകൾ കണ്ടെത്തൽ, ചെറുകിട ജലസേചന പദ്ധതികൾ കൂടുതലായി നടപ്പാക്കേണ്ടതിന്റെ സാധ്യത തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് കരട് നയത്തിനായി നൽകേണ്ട ചുമതല കെ.എസ്.ഇ.ബിക്കാണ്. സൗരോർജം, മറ്റ് പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ തുടങ്ങിയ വിശദാംശങ്ങൾ അനർട്ടും നൽകും. വൈദ്യുതിയുടെ ഉപഭോഗം കുറക്കൽ, ഊർജ ഓഡിറ്റ് അടക്കം വിവരങ്ങൾ എനർജി മാനേജ്മെന്റ് സെന്ററാണ് നൽകുക.
വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ വാഹന നയം പരിഷ്കരിക്കാനുള്ള നിർദേശങ്ങൾ ഗതാഗത വകുപ്പും സമർപ്പിക്കും. ഊർജ സംരക്ഷണം സാധ്യമാക്കുംവിധം കെട്ടിട നിർമാണ ചടങ്ങളിൽ ഭേദഗതിവരുത്തലും പരിഗണനാവിഷയമാണ്. വകുപ്പുകളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ഏകോപിപ്പിച്ച് സമഗ്ര വൈദ്യുതി നയം രൂപവത്കരിക്കൽ ചുമതല ഊർജ വകുപ്പിനായിരിക്കും. ഊർജ മേഖലയിൽ സ്വയംപര്യാപ്തത എന്ന കാഴ്ചപ്പാടോടെ പദ്ധതികൾ ആവിഷ്കരിക്കാൻ ഊർജ നയം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.