കോഴിക്കോട്: ബേപ്പൂർ തുറമുഖം ആഴംകൂട്ടൽ പദ്ധതിയുമായി ബന്ധപ്പെട്ട് കിറ്റ്കോ തയാറാക്കിയ റിപ്പോർട്ടിൽ ക്രമക്കേടെന്ന് പരാതി. ഹാർബർ എൻജിനീയറിങ് വകുപ്പ് പരിശോധിച്ച് തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റ്കോ സംസ്ഥാന സർക്കാറിന് എസ്റ്റിമേറ്റ് സമർപ്പിച്ചത്. എന്നാൽ, ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പരിശോധനയിൽ വലിയ അപാകതകൾ സംഭവിച്ചെന്നാണ് മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) ആരോപിക്കുന്നത്.
ബേപ്പൂർ തുറമുഖത്തിലെ വാർഫിന്റെ നീളം 314 മീറ്ററും ആഴം 3.5 മീറ്ററുമാണ്. വാർഫിന്റെ അടിയിൽ വെള്ളത്തിൽ വ്യക്തമായി പരിശോധിക്കാതെയാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് റിപ്പോർട്ട് നൽകിയതെന്നാണ് പരാതി. നിലവിലുള്ള 3.5 മീറ്റർ ആഴത്തിൽ നിന്നും ഏഴുമീറ്ററായി ആഴം വർധിപ്പിച്ചാൽ മാത്രമേ തുറമുഖത്ത് കപ്പലുകൾക്ക് സൗകര്യപ്രദമായി നങ്കൂരമിടാൻ സാധ്യമാവുകയുള്ളൂ. തുറമുഖത്തിന്റെ നിലവിലുള്ള 3.5 മീറ്റർ ഡ്രാഫ്റ്റിനോടനുബന്ധിച്ച് ചെങ്കൽപ്പാറകളുണ്ട്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പരിശോധനയിൽ വാർഫിനടിയിലെ ചെങ്കൽപ്പാറകൾ കണ്ടെത്താത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
വാർഫിനടിയിലെ ചെങ്കൽപ്പാറകളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കാത്തതിനാൽ 15 കോടി രൂപ അനുവദിച്ചിട്ടും ആഴം കൂട്ടൽ പ്രക്രിയ സ്തംഭനാവസ്ഥയിലായതെന്നുകാട്ടി എം.ഡി.എഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്ത തുറമുഖത്തിന്റെ ആഴംകൂട്ടൽ പ്രവൃത്തി രണ്ടു ദിവസത്തിൽ കൂടുതൽ നടന്നിട്ടില്ല. കടലിനടിയിലെ ചെങ്കൽപ്പാറ നീക്കം ചെയ്തുവേണം ആഴം കൂട്ടൽ പ്രക്രിയ തുടങ്ങാനെന്നും ഇതിന് 50 കോടി രൂപ വേണ്ടിവരുമെന്നുമാണ് വിദഗ്ധർ പറയുന്നത്. യോഗത്തിൽ പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖൈസ് അഹമ്മദ്, ജോയ് ജോസഫ്, സി.എൻ. അബ്ദുൽ മജീദ്, അഡ്വ. പ്രദീപ് കുമാർ, കെ.വി. ഇസ്ഹാക്ക്, ആർ. ജയന്ത് കുമാർ, സി.എച്ച്. നാസർ ഹസ്സൻ, റോണി ജോൺ, സുബിൻ മാർഷൽ, പി.പി. ശബിർ ഉസ്മാൻ എന്നിവർ സംസാരിച്ചു.
കോഴിക്കോട്: നാലു വർഷമായി നിർത്തിവെച്ച ലക്ഷദ്വീപ്-ബേപ്പൂർ പാസഞ്ചർ വെസൽസ് സർവിസ് പുനഃസ്ഥാപിക്കണമെന്നും ബേപ്പൂർ തുറമുഖ വികസന പദ്ധതി വേഗത്തിലാക്കണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കാലിക്കറ്റ് ചേംബറിന്റെ നേതൃത്വത്തിൽ ‘സ്റ്റേക്ക് ഹോൾഡേഴ്ഡ്’ യോഗം 29ന് നടക്കും. ബേപ്പൂർ വാർഫിന്റെ നിലവിലെ 314 മീറ്റർ നീളം 514 മീറ്റർ ആക്കി വർധിപ്പിക്കുന്നതിനും വലിയ കപ്പലുകൾക്ക് ആവശ്യമായ ആഴം വർധിപ്പിക്കുന്നതിനും ഡ്രഡ്ജിങ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ റോഡ് തുടങ്ങിയ വികസന പ്രവർത്തനങ്ങളും അടിയന്തരമായി പൂർത്തീകരിക്കുന്നതിന് സർക്കാറുകൾ തയാറാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.