'ഇളവ്​' തീർന്നു; ഇനി മദ്യപിച്ച്​ വാഹനമോടിച്ചാൽ കുടുങ്ങും, ആദ്യദിനം പിടിവീണത്​ 176 ​പേർക്ക്​

​കൊല്ലം: മദ്യപിച്ച്​ വാഹനമോടിക്കുന്നവർക്ക്​ കോവിഡ്​ കാരണം ലഭിച്ചുകൊണ്ടിരുന്ന 'ഇളവ്​' അവസാനിച്ചു. കോവിഡ്​ നിയന്ത്രണത്തിന്‍റെ ഭാഗമായി ബ്രീത്​ അനലൈസർ ഉപയോഗിച്ചുള്ള പരിശോധന നിർത്തിവെച്ചിരുന്നത്​ പൂർണതോതിൽ പൊലീസ്​ പുനരാരംഭിച്ചു. ​ഇതു​ സംബന്ധിച്ച്​ ഉത്തരവ്​ ഇറങ്ങിയതിനു​ പിന്നാലെ ശനിയാഴ്ച രാത്രി ജില്ലയിലുടനീളം പരിശോധന ആരംഭിച്ചു.

ആദ്യദിനത്തിൽ തന്നെ ​സിറ്റി, റൂറൽ പരിധികളിലായി കുടുങ്ങിയത്​ 176 പേരാണ്​. ശനിയാഴ്ച രാത്രി 10 മുതലാണ്​ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്​ കർശന പരിശോധനയുമായി റോഡിലിറങ്ങിയത്​. സിറ്റി പരിധിയിൽ മദ്യപിച്ച്​ വാഹനമോടിച്ചതിന്​ 98 പേരെയാണ്​ അറസ്റ്റ്​ ചെയ്തത്​. റൂറൽ പരിധിയിൽ 78 കേസുകളാണ്​ എടുത്തത്​. പുലർച്ച മൂന്നു​വരെ റോഡുകളിൽ പൊലീസ്​ പരിശോധന നീണ്ടു.

കൊല്ലം നഗരത്തിനുള്ളിൽതന്നെ ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിലെല്ലാം പരിശോധന ശക്തമായിരുന്നു. വരുംദിവസങ്ങളിലും കർശന പരിശോധനയുണ്ടാകുമെന്ന്​ അധികൃതർ വ്യക്തമാക്കുന്നു.

സ്​പെഷൽ ഡ്രൈവിൽ കുടുങ്ങി ക്രിമിനലുകൾ

​കൊല്ലം: സിറ്റി പൊലീസ്​ നടത്തിയ സ്​പെഷൽ ഡ്രൈവിൽ നിരവധി ക്രിമിനലുകൾ​ പിടിയിലായി. പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച മൂന്നുപേർ വീതം പള്ളിത്തോട്ടം, ചവറ പൊലീസ്​ സ്റ്റേഷനുകളിലും രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ്​ സ്റ്റേഷനിലും ഒരാൾ വീതം കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ, ചവറ തെക്കുംഭാഗം എന്നീ പൊലീസ്​ സ്റ്റേഷനുകളിലുമായി 12 പേരെ പിടികൂടി.

ഗുരുതര കേസുകളിൽ ഉൾപ്പെട്ട് മുങ്ങി നടന്ന മൂന്നുപേരെ ഓച്ചിറയിൽനിന്നും, രണ്ടു പേരെ ചവറയിൽനിന്നും, ഒരാളെ ശകതികുളങ്ങരയിൽനിന്നും അറസ്റ്റ് ചെയ്​തു. സിറ്റിയിലെ വിവിധ പൊലീസ്​ സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ചതിന് 13 കേസുകളും, എൻ.ഡി.പി.എസ്​ ആക്ട് പ്രകാരം 14 കേസുകളും, അബ്കാരി ആക്ട് പ്രകാരം 40 കേസുകളും രജിസ്റ്റർ ചെയ്യ്തു.

ജാമ്യമില്ലാ വാറന്‍റ്​ പ്രകാരം 48 പേരെയും, മുൻകരുതലായി 52 പേരെയും വിവിധ​ സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്തു. 37 ഗുണ്ടകളേയും 96 റൗഡികളേയും താമസ സ്ഥലങ്ങളിൽ എത്തി പരിശോധിച്ചു. കർശന പരിശോധന തുടരുമെന്ന്​ സിറ്റി പൊലീസ്​ മേധാവി ടി. നാരായണൻ അറിയിച്ചു.

കൊല്ലം റൂറൽ ജില്ലയിലെ സ്പെഷൽ ഡ്രൈവിൽ 142 കേസുകൾ രജിസ്റ്റർ ചെയ്തു. 63 പേരെ കരുതൽ തടവിലാക്കി. വിവിധ സ്റ്റേഷനുകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ആറു​ പ്രതികളെ അറസ്റ്റ്​ ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് 30 കേസുകളും പണം വെച്ചു ചീട്ടുകളിച്ചതിനു രണ്ട്​ കേസുകളും അബ്കാരി വകുപ്പ് പ്രകാരം 32 കേസുകളും രജിസ്റ്റർ ചെയ്തു. തുടർന്നും ഇത്തരത്തിലുള്ള ശക്തമായ റെയ്​ഡുകൾ നടത്തുമെന്ന്​ റൂറൽ പൊലീസ് മേധാവി കെ.ബി. രവി വ്യക്തമാക്കി. 

Tags:    
News Summary - Drink and drive cases Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.