കൊച്ചി: ഇടുക്കിയിലെ രണ്ട് പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതിക്കായി പാഴാക്കിയത് 57 ലക്ഷമെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2014ലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. കോളനികളിൽ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്.
ഇടുക്കിയിലെ തൊട്ടിക്കാനം, ചെങ്കര - കുരിശുമല കോളനിയിലെ കുടിവെള്ള പദ്ധതികളാണ് പട്ടികജാതി വകുപ്പിന്‍റെ കെടുകാര്യസ്ഥയിൽ പാതിവഴിയിലായത്. തൊട്ടിക്കാനം കുടിവെള്ള പദ്ധതിക്ക് 38.52 ലക്ഷവും ചെങ്കര - കുരിശുമല കോളനിയിലെ പദ്ധതിക്ക് 25.01 ലക്ഷവുമാണ് അനുവദിച്ചത്.
തൊട്ടിക്കാനം പദ്ധതിയുടെ നിർവഹണ ചുമതല കെയ്കോയ്ക്കായിരുന്നു. കൊയ്ക്കോ അസിസ്റ്റൻറ് എൻജിനീയറും കരാറുകാരനും തമ്മിൽ 2014 നവംബർ 14നാണ് കരാർ ഒപ്പുവെച്ചത്. പട്ടികജാതി ഓഫിസറുടെ 2016 ജൂൺ 21ലെ സാക്ഷ്യപത്ര പ്രകാരം കുടിവെള്ള പദ്ധതിക്ക് 32.47 ലക്ഷം രൂപ ചെലവഴിച്ചു.
പദ്ധതിക്കായി നിർമിച്ച രണ്ട് കുഴൽകിണറിൽ നിലവിൽ ജലം ഉണ്ട്. എന്നാൽ, കിണർ നിൽക്കുന്ന സ്ഥലം പാതയോരം ആയതിനാൽ ഉടമസ്ഥാവകാശം ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ്. സെക്രട്ടറി ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്ന മുറക്ക് കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി കണക്ഷൻ ലഭിക്കുമെന്നാണ് അസിസ്റ്റൻറ് എൻജിനീയറുടെ വിശദീകരണം.
ഈ പദ്ധതി നടത്തിപ്പ് കാലത്ത് കെയ്കോയുടെ ചുമതല വഹിച്ചിരുന്ന അസിസ്റ്റൻറ് എൻജിനീയർ എൻ.ജി. റുഡോൾഫ് മരണപ്പെട്ടു. പദ്ധതി നിർവഹണത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജില്ലാ പട്ടികജാതി ഓഫിസർ ഡോ. പി.ബി. ഗംഗാധരൻ സർവിസിൽനിന്ന് വിരമിച്ചു.
ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം പട്ടികജാതി വകുപ്പിന് പ്രവൃത്തി നിർമാണത്തിനായി അനുമതി നൽകിയതിന്‍റെ വിവരങ്ങൾ ഫയലിൽ ലഭ്യമല്ല. പദ്ധതിക്കായുള്ള വൈദ്യുതി കണക്ഷൻ എടുത്ത് നൽകേണ്ട ചുമതല നിർവഹണ ഏജൻസിയായ കെയ്കോക്ക് ആയിരുന്നു. കുടിവെള്ള പദ്ധതിക്കായി 32. 47 ലക്ഷം രൂപ ചെലവഴിച്ചിട്ടും വൈദ്യുതി കണക്ഷൻ ലഭ്യമാകാതെ പദ്ധതി പണം പാഴായി പോകാൻ ഇടവരുത്തി. പദ്ധതി നിർവഹണ ഏജൻസിയായ കെയ്കോയുടെയും പദ്ധതി മോണിറ്റർ ചെയ്യേണ്ട ജില്ലാ പട്ടികജാതി ഓഫിസും ഗുരുതര വീഴ്ചയാണ് വരുത്തിയത്. പദ്ധതി പൂർത്തീകരിക്കേണ്ടത് നിർവഹണ ഏജൻസിയായ കെയ്കോയുടെ ഉത്തരവാദിത്വമാണ്. അത് അവർ നിർവഹിച്ചില്ല. പട്ടികാജിത വകുപ്പ് നിർദേശവും നൽകിയില്ല.
ചെങ്കര - കുരിശുമല കോളനിയിലെ കുടിവെള്ള പദ്ധതിക്കായി അനുവദിച്ച 25.10 ലക്ഷം ചെലവഴിച്ചു. അതു പാഴായ സ്ഥിതിയാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കുളത്തിൽ വെള്ളം ലഭ്യമല്ല എന്നാണ് ഓഫിസിൽനിന്ന് അറിയിച്ചത്. കെയ്കോ കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച പമ്പ്, മെയിൻ പൈപ്പ് ലൈനുകൾ എന്നിവ കോളനിയിലുണ്ട്. എന്നാൽ, ചില ജലവിതരണ പൈപ്പുകൾ കാണാനില്ല.
മെഷർമെൻറ് ബുക്കിൽനിന്ന് പലതും അപ്രത്യക്ഷമായി. ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ പദ്ധതിക്ക് ശുപാർശ ചെയ്ത മോണിറ്ററിങ് കമ്മിറ്റിയുടെ മിനിറ്റ്സും വർക്കിങ് ഗ്രൂപ്പിന്‍റെ ശുപാർശയും സംബന്ധിച്ച വിവരങ്ങൾ ഫയലിൽ ഇല്ല. പദ്ധതി നിർവഹണത്തിനായി തുകകൾ ശുപാർശ ചെയ്തത് ജില്ല പട്ടികജാതി ഓഫിസറായിരുന്നു ഡോ. പി.ബി. ഗംഗാധരൻ തന്നെയാണ്.
പദ്ധതി സംബന്ധിച്ച് കുമളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കട്ടപ്പന പൊലീസ് സൂപ്രണ്ട് കേസിന്‍റെ അന്വേഷണ റിപ്പോർട്ട് തയാറാക്കി തൊടുപുഴ കോടതിയിൽ സമർപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയാൽ നിർവഹണ ഏജൻസിയുടെ ബാധ്യതയായി നിശ്ചയിച്ച് തുടർ നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ ഉത്തരവ്. അതിനാൽ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ നിർവഹണം നടത്തിയ കുമളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കാൻ കെയ്കോയ്ക്ക് നിർദേശം നൽകണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.