തിരുവനന്തപുരം: ജില്ലയില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്നതിന് നിര്‍ദേശം നല്‍കി എറണാകുളം കലക്ടറുടെ ഉത്തരവ്. നിബന്ധനകള്‍ പാലിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിന് തദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് പ്രത്യേക അനുമതി നല്‍കിയാണ് കലക്ടര്‍ ഉത്തരവിറക്കിയത്.
ജില്ലയില്‍ പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ടാങ്കര്‍ ലോറി മുഖേന വിതരണത്തിന് അനുമതി ലഭ്യമാക്കണമെന്ന് വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
നിബന്ധനകള്‍ ഇങ്ങനെ:
1) കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍/വാര്‍ഡുകള്‍ സംബന്ധിച്ച പഞ്ചായത്ത്/മുനിസിപ്പല്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തണം.
2) പഞ്ചായത്ത്/ മുനിസിപ്പല്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ പറയുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മുഖേനയോ മറ്റേതെങ്കിലും സ്‌കീമുകള്‍ പ്രകാരമോ കുടിവെളളം വിതരണം നടത്തുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഉറപ്പുവരുത്തണം.
3) കുടിവെളളം വിതരണത്തിന് പ്രത്യേകം രജിസ്റ്റര്‍ ചെയ്ത ടാങ്കറുകള്‍ മാത്രം ഉപയോഗിക്കണം. ഈ ടാങ്കറുകളില്‍ ജിപിഎസ് സംവിധാനമുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം.
4) വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനില്‍ നിന്നും മാത്രം കുടിവെളളം ശേഖരിക്കണം. കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളുടെ വിശദാംശങ്ങള്‍ വാട്ടര്‍ അതോറിറ്റി ഡിവിഷന് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
5) കുടിവെളളം വിതരണം നടത്തുന്ന പ്രദേശങ്ങളില്‍ ഓരോ ദിവസവും എത്ര ടാങ്കറില്‍ വിതരണം നടത്തിയെന്നും വാഹന നമ്പര്‍, ഡ്രൈവറുടെ പേര്, വിതരണം ചെയ്ത വെളളത്തിന്റെ അളവ്, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കണം.
6) ടാങ്കര്‍ ലോറികളുടെ വാടക, ഡ്രൈവറുടെ വേതനം, മറ്റ് ചെലവുകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടില്‍ നിന്നും വഹിക്കണം.
7) ജി.പി.എസ് ലോഗും, വാഹനത്തിന്റെ ലോഗ് ബുക്കും പരിശോധിച്ച് സുതാര്യത ഉറപ്പുവരുത്തിയശേഷം മാത്രം സെക്രട്ടറിമാര്‍ കുടിവെള്ളം വിതരണം ചെയ്ത തുക അനുവദിക്കണം.
8) കുടിവെള്ളം വിതരണത്തിന് നല്‍കുന്ന സാമ്പത്തികവുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായാല്‍ ജോയിന്റ് ഡയറക്ടര്‍ തീര്‍പ്പാക്കണം.
9) ദുരന്ത നിവാരണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതും, പഞ്ചായത്തിന് കൈമാറിയതുമായ വാട്ടര്‍ കിയോസ്‌കുകള്‍ ഉണ്ടെങ്കില്‍ അത് ഉപയോഗക്ഷമമാക്കി കുടിവെളളം വിതരണം നടത്തണം.
10) നിബന്ധനകള്‍ പാലിച്ച് മാത്രം കുടിവെളളം ടാങ്കറില്‍ വിതരണം നടത്തുന്നുവെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം. വീഴ്ച ഉണ്ടായാല്‍ ഉത്തരവാദിത്വം ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കായിരിക്കും.
11) കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത്/സമയത്ത് ആവശ്യത്തിന് അനുസരിച്ച് കുടിവെളളം വിതരണം നടത്തുന്നുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.