ചെല്ലാനം: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് കണ്ണമാലി വാട്ടർ ടാങ്ക് ബസ് സ്റ്റോപ്പിന് സമീപത്തെ കോളനി നിവാസികൾ രാത്രി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. 150 ഓളം വീടുകളാണ് മേഖലയിലുള്ളത്. 22 ദിവസങ്ങളായി പൈപ്പിലൂടെ കുടിവെള്ളം ലഭിക്കാതായതോടെ ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ളമായിരുന്നു പ്രദേശവാസികളുടെ ആശ്രയം. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവിടെ അവസാനമായി ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചത്.
ഓരോ ദിവസവും ഇപ്പോൾ വരുമെന്ന അധികൃതരുടെ വാക്കുകൾ വിശ്വസിച്ച ഇവർ സഹികെട്ട് റോഡിന് നടുവിൽ കാലിക്കുടങ്ങളും ഡ്രമ്മുകളും നിരത്തി ഉപരോധിക്കുകയായിരുന്നു. പൊതുപ്രവർത്തകൻ ഷമീർ വളവത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ജല അതോറിറ്റിയുടെ പാഴൂർ പമ്പ് ഹൗസിലെ തകരാറിലായ പമ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശനിയാഴ്ച പുനഃസ്ഥാപിച്ച് ട്രയൽ റൺ ആരംഭിക്കും. ട്രയൽ റണ്ണിനുശേഷം ജലവിതരണത്തിന് സജ്ജമാക്കും. വിവിധ പ്രദേശങ്ങളിൽ 6,96,500 ലിറ്റർ ജലമാണ് അതോറിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വിതരണം ചെയ്തത്.
ആർ.ടി.ഒയുടെ നേതൃത്വത്തിൽ കൂടുതൽ ടാങ്കർ ലോറികൾ പിടിച്ചെടുത്ത് ജലവിതരണത്തിന് വിനിയോഗിക്കും. ജല അതോറിറ്റി, കൊച്ചി കോർപറേഷൻ, റവന്യൂ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വലിയ ടാങ്കറുകളിലെത്തുന്ന വെള്ളം ചെറിയ ടാങ്കർ ലോറികളിലേക്ക് മാറ്റി പശ്ചിമകൊച്ചിയുടെ എല്ലാ പ്രദേശങ്ങളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂമിൽനിന്ന് ഏകോപിപ്പിക്കും.
കൗൺസിലർമാരുടെ സഹകരണത്തോടെയാകും ജലവിതരണം. ആലപ്പുഴയിലെ തൈക്കാട്ടുശ്ശേരിയിൽ നിന്നാകും കൊച്ചിയിലെ കൺട്രോൾ റൂമിലേക്ക് വെള്ളമെത്തിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായാണിത്. ജലചൂഷണം നടത്തുന്നത് കണ്ടെത്താനായി പൊലീസിന്റെയും അതോറിറ്റിയുടെയും നേതൃത്വത്തിലുള്ള സംയുക്ത സ്ക്വാഡുകൾ പരിശോധന നടത്തും. നിയമലംഘനം കണ്ടെത്തിയാൽ കണക്ഷൻ വിച്ഛേദിക്കുന്നതുൾെപ്പടെ നടപടി സ്വീകരിക്കും. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
കുടിവെള്ള ക്ഷാമം രൂക്ഷമായ കൊച്ചി മേഖലയിൽ ടാങ്കർ ലോറി വഴിയുള്ള വിതരണം എകോപിപ്പിക്കാൻ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി വെളി മൈതാനത്ത് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നോഡൽ ഓഫിസറായി കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസിനെ നിയോഗിച്ചു. നഗരസഭ പ്രദേശങ്ങളിൽ ടാങ്കർ വഴിയുള്ള കുടിവെള്ള വിതരണം കാര്യക്ഷമമല്ലന്ന് ആക്ഷേപം ശക്തമായ സാഹചര്യത്തിലും കടുത്ത ജനകീയ പ്രതിഷേധം ഉടലെടുത്തതും കണക്കിലെടുത്താണ് നടപടി.
വിവിധ വകുപ്പുകളുടെ സേവനം കൺട്രോൾ റൂമിൽ ലഭ്യമാക്കും. റവന്യൂ ഉദ്യോഗസ്ഥർക്കാണ് മേൽനോട്ടം. 45,000 ലിറ്റർ ഉൾക്കൊള്ളുന്ന നാല് വാട്ടർ ടാങ്കർ ഫോർട്ട്കൊച്ചി വെളിയിൽ സജ്ജീകരിക്കും. ഇവിടെനിന്ന് ഫീഡർ സർവിസിലേക്ക് പമ്പ് ചെയ്യും. 12 ഫീഡർ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായി വന്നാൽ കൂടുതൽ സർവിസ് ഏർപ്പെടുത്തും. കൊച്ചി മേഖലയിലെ നഗരപ്രദേശങ്ങളിലും ചെല്ലാനം, പള്ളുരുത്തി പഞ്ചായത്തുകളിലും വെള്ളം ലഭിക്കുന്നുണ്ടെന്ന് കൺട്രോൾ റും വഴി ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.