തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം കുഴഞ്ഞുമറിയുകയും പ്രതിസന്ധി പരിഹരിക്കുന്നതിൽ മോട്ടോർ വാഹനവകുപ്പ് പരാജയപ്പെടുകയും ചെയ്തതോടെ വട്ടം കറങ്ങി അപേക്ഷകർ. പരിഷ്കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സംഘടനകളുടെ സമരംമൂലം ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിട്ടു. 86 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. ഏപ്രിൽ വരെ 86 കേന്ദ്രങ്ങളിലുമായി ശരാശരി 8600 ടെസ്റ്റുകളാണ് നടന്നിരുന്നത്. മേയ് രണ്ടു മുതൽ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 2580 ആയി കുറച്ചു. മൂന്നു ദിവസം ടെസ്റ്റ് മുടങ്ങിയതോടെ 7740 അപേക്ഷകരാണ് ഇപ്പോൾ ത്രിശങ്കുവിലായത്.
തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി മുൻകൂട്ടി സ്ലോട്ട് അനുവദിച്ചാണ് ടെസ്റ്റ് നടത്തുന്നത്. സമരം പിൻവലിച്ചാലും വരുന്ന ദിനങ്ങളിൽ മുൻകൂർ സ്ലോട്ട് നൽകിയതിനാൽ മുടങ്ങിയവരുടെ കാര്യത്തിൽ പ്രത്യേക തീരുമാനം വേണ്ടിവരും. പ്രതിസന്ധി രൂക്ഷമാകുമ്പോഴും പരിഹരിക്കാൻ ഇടപെടേണ്ട വകുപ്പു മന്ത്രി വിദേശ യാത്രയിലാണ്. ഗതാഗത കമീഷണറേറ്റിനാകട്ടെ ആശയക്കുഴപ്പവും.
ലേണേഴ്സ് പാസായി ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം ഓരോ ഓഫിസിലും പതിനായിരത്തോളം വരും. സംസ്ഥാന വ്യാപകമായി 8.6 ലക്ഷവും. ആറു മാസമാണ് ലേണേഴ്സ് കാലാവധി. ലേണേഴ്സ് എടുത്ത് ഒരു മാസം പിന്നിട്ട ശേഷമേ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കൂ. ആറു മാസ സമയപരിധി കഴിഞ്ഞാൽ രണ്ടാമതും ഫീസ് അടച്ച് ലേണേഴ്സ് റീ ഇഷ്യൂ ചെയ്യണമെന്നതാണ് വ്യവസ്ഥ. 1450 രൂപയാണ് ലേണേഴ്സ് ഫീസ്. റീ ഇഷ്യൂ ചെയ്യുന്നതിന് 300 രൂപയും. കാഴ്ച പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധിയും ആറു മാസമാണ്. ഡ്രൈവിങ് ടെസ്റ്റ് സ്തംഭനം അനിശ്ചിതമായി തുടരുന്നതോടെ ഇതെല്ലാം അവതാളത്തിലാവുകയാണ്.
മേയ് ഒന്നു മുതൽ പുതിയ പരിഷ്കരണമേർപ്പെടുത്തുമെന്ന ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനവും ഉത്തരവുമാണ് സമരങ്ങൾക്ക് കാരണം. എന്നാൽ, മേയ് ആയിട്ടും അടിസ്ഥാന സൗകര്യം ഒന്നും ഒരുങ്ങാതായതോടെ പരിഷ്കരണം നടപ്പായില്ല. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കുറച്ചും നിലവിലെ രീതികൾ ഭേദഗതികളോടെ കർക്കശമാക്കിയും നടപ്പാക്കാനായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം.
പുതിയ പരിഷ്കരണം മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും വിശദീകരിച്ചു. ഇതോടെ സംഘടനകൾ ഇടഞ്ഞു. പിന്നാലെയായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.