മലപ്പുറം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്ക് പിന്നിൽ കോർപറേറ്റ് കമ്പനികൾക്ക് ഡ്രൈവിങ് പരിശീലന മേഖല തീറെഴുതാനുള്ള നീക്കം. പരമ്പരാഗത ഡ്രൈവിങ് സ്കൂളുകളെ ഒഴിവാക്കി, അക്രഡിറ്റഡ് ഏജൻസികളെ പരിശീലന ചുമതല ഏൽപിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ താൽപര്യമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് ആക്ഷേപമുയരുന്നത്.
ഡ്രൈവിങ് പരിശീലന ചുമതല അക്രഡിറ്റഡ് ട്രെയ്നിങ് സെന്ററുകൾക്ക് കൈമാറാൻ, മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി 2021 ജൂൺ ഏഴിന് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. യു.പിയിലും ഗുജറാത്തിലുമടക്കം പ്രാവർത്തികമായ ഈ സംവിധാനം, കേരളത്തിൽ നടപ്പാക്കാൻ നേരത്തേ ശ്രമം നടന്നിരുന്നെങ്കിലും ഇടത് ട്രേഡ് യൂനിയനുകളുടെ ശക്തമായ എതിർപ്പാണ് തടസ്സമായത്. പരിശീലനം,
ടെസ്റ്റുകൾ എന്നിവയുടെ സമ്പൂർണ നിയന്ത്രണം അക്രഡിറ്റഡ് ഏജൻസിക്ക് നൽകുന്നതാണ് കേന്ദ്ര വിജ്ഞാപനം. പുതിയ സംവിധാനപ്രകാരം, പരിശീലനവും ടെസ്റ്റും നടത്തി കോഴ്സ് സർട്ടിഫിക്കറ്റ് നൽകേണ്ടത് അക്രഡിറ്റഡ് ഏജൻസിയാണ്. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ലൈസൻസ് ഇഷ്യൂ ചെയ്യേണ്ട ചുമതല മാത്രമാണ് മോട്ടോർ വാഹന വകുപ്പിനുള്ളത്.
അക്രഡിറ്റഡ് ട്രെയ്നിങ് സെന്റർ ആരംഭിക്കാൻ രണ്ടേക്കർ സ്ഥലം വേണമെന്ന് വ്യവസ്ഥയുണ്ട്. കെട്ടിടത്തിന് പുറമേ, പരിശീലനത്തിനുള്ള ട്രാക്കുകൾക്കും ആധുനിക ഉപകരണങ്ങൾക്കും മറ്റുമായി കോടികൾ വേണം. നിലവിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്നവരിൽ ഭൂരിപക്ഷത്തിനും ഇത് അസാധ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അക്രഡിറ്റഡ് ട്രെയ്നിങ് സെന്റർ നടത്തിപ്പ് കോർപറേറ്റുകൾ കൈയടക്കിയിരിക്കുകയാണ്. കേരളത്തിൽ ലൈസൻസ് അപേക്ഷകരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ വൻ ബിസിനസ് സാധ്യതയാണ് ഈ മേഖലയിലുള്ളത്.
വൻകിട കമ്പനികൾ ഇതിൽ കണ്ണുവെച്ചിട്ടുണ്ട്. പൊതുമേഖലക്ക് മാത്രമേ ട്രെയ്നിങ് സെന്റർ നടത്തിപ്പ് നൽകൂവെന്നാണ് സംസ്ഥാന സർക്കാർ നയമെങ്കിലും ഇത് അട്ടിമറിക്കാനുള്ള നീക്കം അണിയറയിൽ തകൃതിയാണ്. അപ്രായോഗിക പരിഷ്കാരം മുന്നോട്ടുവെച്ച് ലൈസൻസ് അപേക്ഷകരെ ബുദ്ധിമുട്ടിക്കാനാണ് മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇതിനെതിരെ രോഷം ശക്തമാകുമ്പോൾ, പ്രശ്നപരിഹാരമെന്ന നിലയിൽ അക്രഡിറ്റഡ് ഏജൻസി സംവിധാനം വീണ്ടും അവതരിപ്പിക്കാനാണ് ഈ ലോബിയുടെ നീക്കമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.