കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ടയുടെ പശ്ചാത്തലത്തിൽ കോളജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസ്. വിവിധ കോളജ്, ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് പൂർവവിദ്യാർഥികൾ തമ്പടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർ ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് കളമശ്ശേരിയിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. നഗരത്തിലടക്കം വിവിധ കോളജുകളിൽ പൂർവ വിദ്യാർഥികൾ അനധികൃതമായി ഹോസ്റ്റലുകളിൽ താമസിക്കുന്നതിനെതിരെ പലതവണ ആക്ഷേപം ഉയർന്നിരുന്നു.
കോളജ് അധികൃതർക്ക് നിയന്ത്രിക്കാനാകാത്ത വിധത്തിൽ പല സ്ഥലങ്ങളിലും ഇത്തരക്കാരുടെ ഇടപെടലുണ്ടെന്നും പരാതികളുയർന്നിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ് ഉദ്യോഗസ്ഥർ. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് കാമ്പസുകളിൽ വ്യാപകമായി ലഹരി ഒഴുകുന്നതായാണ് അധ്യാപകരടക്കം വ്യക്തമാക്കുന്നത്.
കളമശ്ശേരിയിൽ ലഹരി വിതരണത്തിന് പണപ്പിരിവ് നടന്നുവെന്നാണ് കണ്ടെത്തൽ. ഓൺലൈനിലൂടെ പണം നൽകിയവരുടെ അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ രേഖകൾ എന്നിവ പരിശോധിച്ച് ഇടപാടുകൾ സ്ഥിരീകരിക്കും.
വിദ്യാർഥികളുടെ വാട്ട്സ്ആപ് ചാറ്റടക്കം പരിശോധിക്കും. നടപടികളിലൂടെ കോളജുകൾ കേന്ദ്രീകരിച്ച് ലഹരി വിപണനം നടത്തുന്ന സംഘങ്ങളുടെ വേരറുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോളജിലെ മൂന്നംഗ സമിതിയുടെ അന്വേഷണം തിങ്കളാഴ്ച ആരംഭിക്കും. കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗം മേധാവി ഇ. വിനോദ് കൺവീനറായ സമിതിയാണ് അന്വേഷണം നടത്തുക. കേസിൽ ജാമ്യം ലഭിച്ച വിദ്യാർഥികൾ, പരിശോധന സമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുക്കും. അന്വേഷണ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും കോളജിലെ അച്ചടക്ക നടപടികൾ.
കളമശ്ശേരി: ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ടക്ക് നിർണായകമായത് പ്രിൻസിപ്പൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് നൽകിയ കത്ത്. കാമ്പസിൽ ഹോളി ആഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്നും നിരീക്ഷണം ശക്തമാക്കണമെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ ആവശ്യം. ബുധനാഴ്ചയാണ് കത്ത് നൽകിയത്. വിദ്യാർഥികൾ 14ന് വെള്ളിയാഴ്ച ഉച്ചമുതൽ ഹോളി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം അന്നേ ദിവസം ഉണ്ടാകുമെന്നും വിവരം ലഭിച്ചതായി കത്തിൽ പറഞ്ഞിരുന്നു. ഇതിനായി വിദ്യാർഥികൾ പണം പിരിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ കാമ്പസിനുള്ളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും കാമ്പസിന് പുറത്തും ഹോസ്റ്റൽ കേന്ദ്രീകരിച്ചും ഇടപെടൽ ഉണ്ടാകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.