ലഹരി ഉപയോഗം: യഥാർഥ കണ്ണികളെ കണ്ടെത്തി ശിക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വിവിധതരം ലഹരികളുടെ ഉപയോഗം നിയന്ത്രണാതീതമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ലഹരി വിതരണത്തിലെ യഥാർഥ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുന്നതിന് സംസ്ഥാന സർക്കാർ ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുകവലി, മയക്കുമരുന്ന് നിരോധന നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ ശാസ്ത്രീയമല്ല എന്നുള്ളതാണ് ലഹരി ഉപയോഗത്തിന്റെ വർധനവ് തെളിയിക്കുന്നത്. ചെറിയ അളവിലും വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്ന ലഹരി വസ്തുക്കൾ വിദ്യാർഥികളിലൂടെ കൈമാറ്റം ചെയ്യാൻ ഏജന്‍റുമാർ ശ്രമിക്കുന്നതിലൂടെ വലിയ മാഫിയ ശൃംഖലകളാണ് രൂപപ്പെട്ടു വരുന്നത്. മയക്കുമരുന്ന് പോലുള്ള ലഹരിപദാർഥങ്ങൾ വ്യാപകമാക്കുന്നതിന് വേണ്ടി നിയമത്തിന്റെ തന്നെ സാധ്യതകളെയാണ് ഇത്തരം മാഫിയ സംഘങ്ങൾ ദുരുപയോഗപ്പെടുത്തുന്നത്. ലഹരി വിതരണ ശൃംഖലയിലെ കേവലം ഏജന്റുമാരെ മാത്രമാണ് ചെറിയതോതിൽ എങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുന്നുള്ളൂ. പലപ്പോഴും യഥാർഥ പ്രതികൾ തങ്ങളുടെ രാഷ്ട്രീയ - സാമൂഹിക സ്വാധീനം ഉപയോഗപ്പെടുത്തി ഭരണകൂടത്തെ വിലക്കു വാങ്ങുകയാണ്.

അനധികൃതമായി ലഹരി കൈവശം വക്കുന്ന എല്ലാവർക്കുമെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. എൻ.ഡി.പി.എസ് ആക്ടിലെ കൈവശം വെക്കുന്ന അളവുകളിൽ വാണിജ്യാവശ്യം, ചെറിയ അളവ്, ഇതിനിടയിലുള്ള അളവ് എന്ന വേർതിരിവ് ഒഴിവാക്കണം. ഈ പഴുത് മൂലം നിലവിൽ ഒരു കിലോ വരെ കഞ്ചാവ് സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ജാമ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. ഇതുമൂലം കുട്ടികളെ കാര്യർമാരായി ഉപയോഗിക്കാൻ മയക്കു മരുന്ന് മാഫിയക്ക് സാധ്യമാകുന്നു. അനധികൃതമായി എത്ര കുറഞ്ഞ അളവ് മയക്കുമരുന്നുകൾ കൈവശം വെച്ചാലും വലിയ ശിക്ഷ ലഭിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റം വരണം.

ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സാങ്കേതിക തടസങ്ങൾ ഇല്ലാതെ തന്നെ സർക്കാർ സേവന മേഖലയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാനും സർക്കാരിന് കഴിയണം. ലഹരി വിതരണത്തിൽ വിദ്യാർഥികളെ ദുരുപയോഗപ്പെടുത്തി മയക്കുമരുന്ന് ശൃംഖല വർധിപ്പിക്കുന്ന മാഫിയങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. മദ്യമടക്കമുള്ള എല്ലാ ലഹരി വസ്തുക്കളോടും പൊതുസമൂഹത്തിന് തികഞ്ഞ ജാഗ്രത ഉണ്ടാകുന്ന തരത്തിൽ ജനകീയ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്താൻ ജനാധിപത്യ സംഘടനകൾ രംഗത്തു വരണം. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി മാഫിയങ്ങൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ഹമീദ് വാണിയമ്പലം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - Drug Case: The welfare party wants the government to punish them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.