തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രഗ് ഇൻസ്െപക്ടർമാരുടെ ഒാഫിസുകളിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ജില്ലകളിൽനിന്നുള്ള മെഡിക്കൽ സ്റ്റോർ ഉടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒാരോ ജില്ലകളിലെയും വിജിലൻസ് എസ്.പിമാർ നേതൃത്വം നൽകി. ഇൗ ഒാഫിസുകളിലെല്ലാം ലൈസൻസ്, സാമ്പിൾ രജിസ്റ്ററുകൾ ശരിയായ രീതിയിൽ എഴുതിസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നുള്ള സാമ്പിൾ ശേഖരണം 10 ശതമാനത്തിൽ താഴെ മാത്രമാണ്. ശേഖരിക്കുന്ന സാമ്പിളിെൻറ 90 ശതമാനവും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്നും കണ്ടെത്തി.
ഒാരോ ഇൻസ്പെക്ടർമാരും ഒാരോ മാസവും 14 സാമ്പിളുകൾ ശേഖരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. സാമ്പിൾ പരിശോധന ഫലം വാങ്ങുന്നതിനോ ലഭ്യമാക്കുന്നതിനോയുള്ള ഒരു നടപടിയുമില്ല. മരുന്നുകൾ കൃത്യമായ പരിശോധനക്ക് വിധേയമാക്കാത്തതിനാൽ പലപ്പോഴും മരുന്നുകൾ വിറ്റഴിക്കാൻ സാധിക്കുന്നില്ലെന്നും മെഡിക്കൽ സ്റ്റോർ ഉടമകൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്തെ ജില്ല ആശുപത്രികളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ആ പരിശോധനയിൽ ഫാർമസികളിൽ വൻക്രമക്കേടാണ് കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ മരുന്നുകൾപോലും ആശുപത്രികളിൽ സൂക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഡ്രഗ് ഇൻസ്പെക്ടർമാരുടെ ഒാഫിസുകൾ കേന്ദ്രീകരിച്ച് വ്യാപക തിരിമറി നടക്കുന്നതായാണ് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പരാതിയിൽ ആരോപിച്ചിരുന്നത്. മരുന്നുകളുടെ പരിശോധനഫലം ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടെന്നും ആരോപിച്ചിരുന്നു. പരിശോധന റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ശനിയാഴ്ച വിജിലൻസ് ഡയറക്ടർക്ക് കൈമാറും. റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ പരിശോധിച്ച് വിജിലൻസിെൻറ ശിപാർശ സഹിതം സർക്കാറിന് കൈമാറുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.