കൊല്ലം: തെരുവുനായ്ക്കൾ പെരുകുന്നതിന് പിന്നിൽ മരുന്ന് ലോബികളാണെന്നും അവയെ കൊല്ലാൻ അനുവദിക്കാത്ത എൻ.ജി.ഒകൾക്ക് ഫണ്ട് ചെയ്യുന്നത് ഇതേ ലോബി തന്നെയാണെന്നും മെഡിക്കൽ സർവിസ് കോർപറേഷൻ മുൻ എം.ഡിയും കെ.എസ്.ആർ.ടി.സി എം.ഡിയുമായ ബിജു പ്രഭാകർ. തെരുവുനായ് നിയന്ത്രണത്തിന് വന്ധ്യംകരണം പരിഹാരമല്ല. സർവിസിൽനിന്ന് വിരമിച്ചാൽ തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യത്തിനായി പോരാടുമെന്നും ബിജു പ്രഭാകർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ദിവസവും കൊന്നുതിന്നുന്ന കോഴി, ആട്, പന്നി എന്നിവയേക്കാൾ വിലയേറിയതാണോ തെരുവുനായുടെ ജീവൻ. അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുവാദമുണ്ട്. ഇവയൊന്നും കടിച്ചാൽ പേ വിഷബാധ ഏൽക്കില്ല. പേവിഷബാധക്കെതിരെ പ്രതിവർഷം 2800 കോടി രൂപയുടെ മരുന്നാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.
ഇത്ര വലിയ വിപണനം നടത്തുന്നവർക്ക് തെരുവുനായ്ക്കൾ പെരുകേണ്ടത് ആവശ്യമാണ്. നായ്ക്കളെ കൊല്ലുന്നത് എതിർക്കുന്ന എൻ.ജി.ഒകളെ പ്രോത്സാഹിപ്പിക്കേണ്ടതും അവരുടെ ആവശ്യമാണ്. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ വാദിക്കാനെത്തിയത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരാണ്. ആരാണ് അവർക്കൊക്കെ പണംനൽകുന്നതെന്ന് അന്വേഷിച്ചാൽ സത്യം കണ്ടെത്താം.
താൻ മെഡിക്കൽ സർവിസസ് കോർപറേഷൻ മേധാവിയായിരിക്കെ സർക്കാർ ആശുപത്രികളിലേക്ക് ആന്റിറാബീസ് വാക്സിൻ വാങ്ങാൻ ഒരു വർഷം അഞ്ചുകോടി രൂപയാണ് ചെലവഴിച്ചിരുന്നത്. ഇപ്പോൾ ആ തുക വർധിച്ചു. നായകടി ഏൽക്കുന്നവരിൽ 30 ശതമാനംപേർ മാത്രമാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി എടുക്കുമ്പോൾ തുക എത്ര ഉയരുമെന്ന് ആലോചിക്കാം. നായ്ക്കളെ വന്ധ്യംകരിച്ചാലും അവ കടിക്കും. നാഗാലാന്റിൽ തെരുവുനായ് ശല്യം ഇല്ലാത്തത് അവർ അതിനെ കൊന്നുതിന്നുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.