കൊച്ചി: മയക്കുമരുന്ന് ഉപയോഗവും ബന്ധപ്പെട്ട അക്രമങ്ങളും നേരിടാൻ സ്വമേധയാ കേസെടുത്ത് ഹൈകോടതി. മയക്കുമരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ല പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന് എഴുതിയ കത്ത് പരിഗണിച്ചാണ് നടപടി.
കത്ത് പൊതുതാൽപര്യ ഹരജിയായി ഫയലിൽ സ്വീകരിക്കാൻ ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേേനാൻ രജിസ്ട്രിക്ക് നിർദേശം നൽകി. കേന്ദ്ര സംസ്ഥാന സർക്കാറുകൾ, ഡി.ജി.പി, എക്സൈസ് കമീഷണർ, ഹെൽത്ത് സർവിസ് ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ എന്നിവരെയും കക്ഷിചേർക്കാൻ നിർദേശിച്ചു.
പൊലീസും എക്സൈസുമുൾപ്പെടെയുള്ള വിഭാഗങ്ങൾ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ നടപടി അനിവാര്യമാെണന്ന് കത്തിൽ പറയുന്നു. മയക്കുമരുന്ന് ലഹരിയിൽ സംസ്ഥാനത്ത് അടുത്തിടെ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് കത്തിൽ പരാമർശിക്കുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗം കുട്ടികളിലും യുവാക്കളിലും വ്യാപിക്കുകയാണ്. മദ്യത്തിൽനിന്ന് മയക്കുമരുന്നിലേക്ക് പലരും വഴിമാറുകയാണ്.
മദ്യ ഉപഭോഗം കണ്ടെത്താൻ കഴിയുന്ന ആൽക്കോമീറ്ററോ ബ്രീത്ത് അനലൈസറോ പോലെ ലഹരി മരുന്നിെൻറ ഉപയോഗം കണ്ടെത്താനുള്ള ഉപകരണങ്ങൾ കേരളത്തിലില്ല. ഗുജറാത്തിലെ വഡോദരയിൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ കഴിയുന്ന പരിശോധനകിറ്റ് പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത് കേരളത്തിലും ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു. ലഹരിമരുന്ന് വിപത്ത് നേരിടാനുള്ള സംവിധാനത്തിൽ ഹൈകോടതി നിരീക്ഷണം വേണ്ടിവന്നേക്കാമെന്ന് കോടതിയും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.