പൂച്ചാക്കൽ: പൂച്ചാക്കലിലെ മയക്കുമരുന്ന് വേട്ടയിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശൂർ കാരളം വാഴത്തുശ്ശേരി വിഷ്ണുവിനെയാണ് (ചാത്തൻ -29) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ മയക്കുമരുന്നുമായി എറണാകുളം സ്വദേശി ലിജുവിനെ പൂച്ചാക്കൽ പൊലീസും ജില്ല ഡാൻസാഫും ചേർന്ന് പിടികൂടിയിരുന്നു. 140 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽനിന്ന് പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു ഇത്.
ഈ കേസിൽ മയക്കുമരുന്ന് ഇയാൾക്ക് എത്തിച്ചു നൽകിയവരെയും കൂട്ടുനിന്നവരെയും കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡ് ജില്ല ഡാൻസാഫിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ചു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും പൂച്ചാക്കൽ എസ്.ഐ ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവുമാണ് തൃശൂരിൽനിന്ന് വിഷ്ണുവിനെ പിടികൂടിയത്. ചോദ്യംചെയ്യലിൽ നേരത്തേ അറസ്റ്റിലായ പ്രതികളായ ലിജുവും ശ്രീബാബുവും ബംഗളൂരുവിൽ വരുമ്പോൾ ഇവർക്ക് എം.ഡി.എം.എ വാങ്ങുന്നതിന് ഇടനിലക്കാരാനായി പ്രവർത്തിച്ചത് വിഷ്ണുവാണെന്ന് വിവരം ലഭിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എം.ഡി.എം.എ ലഭ്യമാക്കുന്നതിൽ ഇയാൾ മുഖ്യ ഇടനിലക്കാരനാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു മാസമായി ജില്ല ആന്റി നാർകോട്ടിക് സംഘത്തിന്‍റെ നിരീക്ഷണത്തിലൊടുവിലാണ് ഇയാൾ കുടുങ്ങിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐമാരായ ജേക്കബ്, ഗോപാലകൃഷ്ണൻ, എ.എസ്.ഐ സാജൻ, ഉദയൻ (ഡാൻസാഫ്), എ.എസ്.ഐ സന്തോഷ്, ജാക്സൺ, എസ്.പി.ഒ ഉല്ലാസ്, സി.പി.ഒമാരായ എബി തോമസ്, ഹരികൃഷ്ണൻ, ഷാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.