കോഴിക്കോട്: ഒരിക്കൽ ലഹരി ഉപയോഗിച്ച് അതിന്റെ ഉന്മാദമനുഭവിക്കുന്നതോടെ മയക്കുമരുന്നിന്റെ വഴികൾതേടി പോവുകയാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം. ഇതുതന്നെയാണ് പൊലീസിനുമുന്നിലെ വലിയ വെല്ലുവിളിയും. പൊലീസ് ഒരുകണ്ണി അറുക്കുമ്പോഴേക്കും ലഹരി മാഫിയ പത്തുകണ്ണികൾ പലവഴിക്ക് ഉണ്ടാക്കും.
കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളാവുകയും പുഞ്ചിരിച്ചും ദേഷ്യപ്പെട്ടും നേരിട്ടുപറയേണ്ട കാര്യങ്ങൾ പോലും ‘സ്മൈലി’കളുടെ സഹായത്തിൽ മൊബൈലിൽ വാട്സ് ആപ് ചാറ്റുകളായി മാറുകയും ചെയ്യുന്ന കാലത്ത്, അച്ഛനും അമ്മയും മക്കളുമെല്ലാം അവരവരുടേതായ പല വഴിക്കാണിന്ന്. ഈ അവസരങ്ങളടക്കം മുതലെടുത്തും ആളുകൾക്ക് പണത്തോടുള്ള ത്വരയും ആഡംബര ജീവിതമടക്കമുള്ള സ്വപ്നങ്ങളും ചൂഷണം ചെയ്തും ലഹരി മാഫിയകൾ ഇവരെ ഉപഭോക്താക്കളും വിൽപനക്കാരുമാക്കുകയാണ്.
ലഹരിക്കേസുകൾ മാത്രമല്ല, ലഹരി ഉപയോഗിക്കുകയും വിൽപനക്ക് ഇടനില നിൽക്കുകയും ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണവുമാണ് ഇന്ന് വർധിച്ചത്. മുമ്പ് ആയിരങ്ങൾ മറിഞ്ഞ ഇടപാട് ഇപ്പോൾ ലക്ഷങ്ങളുടേതായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ന് ജില്ലയിലേക്ക് ലഹരിയെത്തുന്നത്. കഞ്ചാവ്, ഹാഷിഷ് എന്നിവ ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിൽനിന്നും എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് അടക്കമുള്ള സിന്തറ്റിക് ലഹരികൾ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നും വരുന്നു.
ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ പഠിക്കുന്ന കോളജ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ലഹരി സംഘങ്ങൾ പോക്കറ്റ് മണി നൽകി ‘ലഹരിപ്പൊതികൾ’ കൊടുത്തുവിടുന്നത് പതിവാണ്. രാത്രി സർവിസ് നടത്തുന്ന ബസുകളിൽ വരുന്ന വിദ്യാർഥിനികളടക്കമുള്ളവരുടെ ബാഗുകൾ രഹസ്യ വിവരം ലഭിച്ചാൽപോലും വിശദമായി പരിശോധിക്കുന്നത് കുറവാണ്.
എക്സൈസിലും പൊലീസിലും വേണ്ടത്ര വനിതാ ജീവനക്കാർ രാത്രി ഡ്യൂട്ടിയിലുണ്ടാവാത്തതടക്കമാണ് ഇതിനുള്ള കാരണങ്ങൾ. ഇതെല്ലാമാണ് ലഹരി മാഫിയ ഉപയോഗപ്പെടുത്തുന്നത്. പണം കിട്ടുമെന്നതിനാൽ പല വിദ്യാർഥികളും വീട്ടുകാർ പോലുമറിയാതെ ഇതിന് കൂട്ടുനിൽക്കുകയാണ്. ലഹരി കടത്തിൽപെടുന്ന വിദ്യാർഥിനികളെ അവരുടെ ‘ഭാവിയോർത്ത്’ കേസിൽപെടുത്താതെ പൊലീസ് വിട്ടയക്കുന്നതും മാഫിയകൾ അവസരമാക്കുകയാണ്.
കുടുംബസമേതമുള്ള ടൂർ എന്ന വ്യാജേന ആഡംബര കാറുകളിൽ ലഹരി കടത്തുന്നത് അടുത്തിടെയായി വൻതോതിലാണ് കൂടിയത്. ലഹരി സംഘങ്ങൾ സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളെയും വരെ ഉൾപ്പെടുത്തി ‘കുടുംബ സമേതം’ എന്ന മട്ടിൽ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുകയും ഇതിന്റെ മറവിൽ ലഹരി എത്തിക്കുകയുമാണ് ചെയ്യുന്നത്. ഭർത്താവും ഭാര്യയും കുട്ടികളുമടക്കമുള്ള കുടുംബത്തെ കണ്ടാൽ മുത്തങ്ങയടക്കമുള്ള ചെക്പോസ്റ്റുകളിൽ എക്സൈസ് പരിശോധന നടത്താറില്ല എന്നത് ഇവർക്ക് നേട്ടമാണ്.
ദമ്പതികൾ ചമഞ്ഞ് ബൈക്കിൽ ലഹരി കടത്തുന്നതും ഏറെയാണ്. മീഞ്ചന്ത ഭാഗത്തുനിന്ന് രാത്രി യുവതിയെയും യുവാവിനെയും പിടിച്ചതോടെയാണ് ഈ തരത്തിലുള്ള ലഹരി കടത്ത് പൊലീസിന് വ്യക്തമായത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബൈക്ക് റൈഡുകൾ മറയാക്കിയും ഇത് നടക്കുന്നുണ്ട്. ഇതിനുദാഹരണമാണ് ഡ്യൂക്ക് ബൈക്കിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റിന്റെ സ്പീക്കറിലൊളിപ്പിച്ച് കടത്തിയ 55.200 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ ചേവായൂരിൽനിന്ന് എക്സൈസ് പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി, ഗ്രാനൈറ്റ്, മുറ്റത്ത് വിരിക്കുന്ന കരിങ്കല്ല് എന്നിവ സ്ഥിരമായി കൊണ്ടുവരുന്ന ലോറികൾ, കേരളത്തിൽനിന്ന് മത്സ്യം കൊണ്ടുപോയി മടങ്ങുന്ന ലോറികൾ എന്നിവയിൽ ലഹരി കടത്തുന്നതിന്റെ ഒട്ടനവധി ഉദാഹരണങ്ങളാണ് മുന്നിലുള്ളത്. 39 കിലോ കഞ്ചാവ് കടത്തിയ മത്സ്യ ലോറി സഹിതം രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തത് അടുത്തിടെയാണ്.
ആന്ധ്രയിൽ നിന്ന് വെള്ളയിലേക്ക് എത്തിച്ച കഞ്ചാവ്, ആന്റി നാർകോട്ടിക് സ്ക്വാഡ് വെള്ളയിൽ, ബേപ്പൂർ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിച്ചത്. കൊടുവള്ളി തലപ്പെരുമണ്ണയിലെ സ്ഥാപനത്തിൽനിന്ന് പിടിച്ച 14 കിലോ കഞ്ചാവും അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽനിന്ന് പിടിച്ച 39 കിലോ കഞ്ചാവും പച്ചക്കറി ലോറിയിൽ കടത്തിയതിന്റെ ബാക്കിയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
300 കിലോയോളം കഞ്ചാവ് കടത്തിയെന്ന്, കേസിലെ പ്രതികൾ മൊഴി നൽകിയെങ്കിലും തുടർ അറസ്റ്റുകളുണ്ടായില്ല. 52 കിലോ കഞ്ചാവുമായി ആന്ധ്രയിൽ നിന്നെത്തിയ പച്ചക്കറി ലോറി കസബ പൊലീസ് പിടികൂടിയതിന്റെയും വിചാരണ നടക്കുകയാണ്.
അടുത്തിടെയാണ് കൊറിയർ വഴി പാർസലായുള്ള ലഹരികടത്ത് ജില്ലയിൽ വിപുലമായത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും ഉള്ളിൽ ലഹരിപ്പൊതി ഒളിപ്പിച്ച് ബന്ധപ്പെട്ടവർക്ക് പാർസലായി അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പാർസലുകൾ പൊട്ടിച്ച് പരിശോധിക്കുകയോ സ്കാൻ ഉൾപ്പെടെ ചെയ്യുകയോ ഇല്ലാത്തതിനാൽ ഇത് നിർബാധം തുടരുകയാണ്. അതേസമയം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോവയിൽ നിന്ന് കളിപ്പാട്ടങ്ങളുടെ മറവിൽ സിന്തറ്റിക് ലഹരി കടത്തിയ തൃശൂർ സ്വദേശിയെ നേരത്തെ എക്സൈസ് ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.
വിദേശത്തുനിന്നും ഇത്തരത്തിൽ പാർസൽ ലഹരി വരുന്നുണ്ട്. ഒമാൻ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്ന് നേരത്തെ കൊച്ചിയിലെ കൊറിയർ സ്ഥാപനത്തിലെത്തിയ കോഴിക്കോട് സ്വദേശിക്കുള്ള പാർസലിൽ എക്സൈസ് ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു. തുടർന്ന് മാങ്കാവിലുള്ള ഇയാളുടെ വീട്ടിൽ നിന്ന് 1.435 കിലോഗ്രാം ഹാഷിഷ് ഓയിൽ, 83 എൽ.എസ്.ഡി സ്റ്റാമ്പ്, 3.15 ഗ്രാം കൊക്കെയ്ൻ, 2.74 ഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. കോഴിക്കോട്ടെ ചില കൊറിയർ സ്ഥാപനത്തിലെത്തിയ പാർസലുകളിൽ നിന്നും ലഹരി കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് സംശയിക്കാതിരിക്കാൻ ലഹരി സംഘങ്ങൾ സ്ത്രീകളെ ഒപ്പം കൂട്ടിത്തുടങ്ങിയതോടെയാണ് വനിതകൾ വലിയതോതിൽ ഈ വഴിയിലെത്തിയത്. ദമ്പതികളൊരുമിച്ചും കമിതാക്കളൊരുമിച്ചും ലഹരി കടത്തിയതിന്റെയും അറസ്റ്റിലായതിന്റെയും നിരവധി ഉദാഹരണങ്ങൾ ജില്ലയിലുണ്ട്. ഇതിൽ അവസാനത്തേതാണ് കുറ്റ്യാടി ചുരം വഴി കാറിൽ കടത്തിയ 96.44 ഗ്രാം എം.ഡി.എം.എയുമായി വടകര സ്വദേശികളായ ദമ്പതികളെ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. സിറ്റി റൂറൽ പരിധിയിലെ മൂന്നുവർഷത്തെ കണക്കുകൾ നോക്കുമ്പോൾ 33 സ്ത്രീകളാണ് ലഹരിക്കേസിൽ അറസ്റ്റിലായത്.
കോളജ് വിദ്യാർഥിനികളടക്കമുള്ള പലരും സൗഹൃദ വലയങ്ങളുണ്ടാക്കി ബംഗളൂരു, ഗോവ, മൈസൂരു, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്ക് റൈഡുകളും മറ്റും നടത്തി ലഹരി സംഘങ്ങളിലെത്തുന്നത് കൂടിയിട്ടുണ്ട്.
ലഹരി സംഘങ്ങൾ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും നിരവധി തെളിവുകളാണ് പുറത്തുവന്നത്. ദമ്പതികൾ ചമഞ്ഞ് പതിനെട്ടര കിലോ കഞ്ചാവ് വയനാട്ടിലേക്ക് കാറിൽ കടത്തവേ തൃശൂർ സ്വദേശിനിയായ ബ്യൂട്ടീഷ്യനെ കുന്ദമാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിലുള്ള പ്രതികാരമായിട്ടായിരുന്നു ഇവരെ മറ്റൊരു കൂട്ടാളി പൊലീസിന് ഒറ്റിക്കൊടുത്തത്. ഡി.ജെ പാർട്ടി സംഘടിപ്പിക്കുന്നവർക്കായി ഗോവയിൽ നിന്ന് മയക്കുഗുളിക എത്തിച്ച കേസിലും മാവൂർ റോഡിലെ ലോഡ്ജിൽ നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ച എട്ടംഗ സംഘത്തിലും മാങ്കാവിലെ അപ്പാർട്മെന്റ് കേന്ദ്രീകരിച്ചുള്ള ലഹരി കച്ചവടത്തിലും മുഖ്യകണ്ണികൾ സ്ത്രീകളായിരുന്നു.
മയക്കുമരുന്ന് വ്യാപാരത്തിലൂടെയുണ്ടാക്കിയ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയും ഊർജിതമാക്കി
കോഴിക്കോട്: ലഹരി ഉപയോഗം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈ വർഷം രജിസ്റ്റർ ചെയ്തത് മൂവായിരത്തിനടുത്ത് കേസുകളാണ്. പൊലീസും എക്സൈസുമാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് മാത്രം ഈ വർഷം 1800ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. നൂറ് കിലോയോളം കഞ്ചാവ്, 1800 ഗ്രാമോളം എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കൊക്കെയ്ൻ, എൽ.എസ്.ഡി സ്റ്റാമ്പ്, ലഹരി ഗുളികകൾ എന്നിവയാണ് ഇവർ പിടികൂടിയത്.
മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ് സിറ്റി പൊലീസ് മോധാവി രാജ്പാൽ മീണ. ഇരുപതോളം പേർക്കെതിരെ റിപ്പോർട്ട് നൽകിയതിൽ അനുമതി ലഭിച്ച വെള്ളയിൽ സ്വദേശിയെ ഇതിനകം പൂജപ്പുര ജയിലിലാക്കി. അതിനിടെ മയക്കുമരുന്ന് വ്യാപാരത്തിലൂടെയുണ്ടാക്കിയ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയും പൊലീസ് ഊർജിതമാക്കി.
കാറുകളടക്കം മുപ്പതോളം വാഹനങ്ങളാണ് കണ്ടുകെട്ടിയത്. ലഹരി ഉപയോഗിക്കുന്നവരും വിൽക്കുന്നവരും തമ്പടിക്കുന്ന 93 പ്രദേശങ്ങളെ പൊലീസ് ഹോട്സ്പോട്ടുകളാക്കിയിട്ടുമുണ്ട്. ലഹരി സംഘങ്ങളെ പിടികൂടാൻ സിറ്റി, റൂറൽ പൊലീസ് ഡ്രോൺ കാമറ നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.