മലപ്പുറം: കഴിഞ്ഞ പത്തു വർഷക്കാലയളവിൽ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടികൂടിയത് 544 കോടി രൂപയുടെ മയക്കുമരുന്ന്. കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകളായ എം.ഡി.എം.എ, എൽ.എസ്.ഡി, മെത്തഫിറ്റമിൻ, നൈട്രോസെഫാം തുടങ്ങിയവയുടെ ഉപയോഗം കേരളത്തിൽ വർധിക്കുന്നതായി എക്സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2014 മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ മയക്കുമരുന്ന് കണ്ടെത്തുന്നതിന് ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് 855194 പരിശോധന നടത്തിയതായി എക്സൈസ് വകുപ്പ് അവകാശപ്പെടുന്നു.
ഇത്രയും പരിശോധനകളിൽനിന്നാണ് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 544 കോടി രൂപ വില കണക്കാക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. സംസ്ഥാനത്ത് പിടിക്കപ്പെട്ട മയക്കുമരുന്നുകളിൽ ഏറ്റവും ഉയർന്ന അളവിലുള്ളത് കഞ്ചാവാണ്. പത്തുവർഷത്തിനിടെ, 23743.466 കിലോ കഞ്ചാവാണ് പിടികൂടിയത്. 19903 കഞ്ചാവ് ചെടികൾ വെട്ടിനശിപ്പിച്ചു. 72.176 കിലോ ഹാഷിഷും 130.79 കിലോ ഹാഷിഷ് ഓയിലും 70099 ലഹരി ഗുളികകളും പിടികൂടി. 29.12 കിലോ മെത്തഫിറ്റാമിനും 19.449 കിലോ എം.ഡി.എം.എയും 1882 കിലോ ബ്രൗൺഷുഗറും കസ്റ്റഡിയിലെടുത്തു.
5.79 കിലോ ഓപ്പിയവും 3.112 കിലോ ചരസ്സും 103.84 ഗ്രാം എൽ.എസ്.ഡിയും 7.395 കിലോ ഹെറോയിനും 386 ആംപ്യൂൾസും പരിശോധനയിൽ കണ്ടെടുത്തു. 1.5 ഗ്രാം കൊഡൈൻ, 13.45 ഗ്രാം കൊെക്കയിൻ, 0.515 ഗ്രാം മാജിക് മഷ്റൂം, 74 മില്ലിഗ്രാം മെഫന്റർമൈൻ സൾഫേറ്റ് എന്നിവയും പിടികൂടിയവയിൽ ഉൾപ്പെടും.
എൻ.ഡി.പി.എസ് നിയമപ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ, 53787 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഈ കേസുകളുമായി ബന്ധപ്പെട്ട് 52897 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കേസുകളിൽ അകപ്പെട്ട പ്രതികളിൽ ഭൂരിഭാഗവും 18നും 40നും ഇടയിൽ പ്രായമുള്ളവരാണെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പുറത്തുവിട്ട നിയമസഭ രേഖയിൽ പറയുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് സ്കൂൾ കുട്ടികൾ ഉൾപ്പെട്ട 154 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വർധിച്ചുവരുന്ന സമൂഹമാധ്യമ സ്വാധീനവും കുടുംബബന്ധങ്ങളിലെ വിള്ളലുകളും വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള മാഫിയ ഇടപെടലുകളും കുട്ടികളെ ലഹരി ഉപഭോഗത്തിലേക്കും തുടർന്നുള്ള പ്രശ്നങ്ങളിലേക്കും നയിക്കുന്നതായി മന്ത്രി എം.ബി. രാജേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.