തിരുവനന്തപുരം: ഭരണസമിതി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സർക്കാറുമായുള്ള നിയമപോരാട്ടം തുടരവേ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജനറൽ ബോഡി 26ന് വീണ്ടും യോഗം ചേരും. എൽ.ഡി.എഫ് അംഗങ്ങൾ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് കഴിഞ്ഞ മാസം ചേർന്ന ജനറൽ ബോഡിയോഗം അലങ്കോലപ്പെടുകയും ഇതിന് പിന്നാലെ ബാങ്ക് ഭരണസമിതി സർക്കാർ പിരിച്ചുവിടുകയും ചെയ്തിരുന്നു. സഹകരണ വകുപ്പ് ഉത്തരവിനെതിരെ യു.ഡി.എഫ് നേതൃത്വത്തിലെ ഭരണസമിതി ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു.
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതടക്കമുള്ള പ്രധാന അജണ്ടകൾ ജനറൽ ബോഡി അലങ്കോലമായതിനെതുടർന്ന് പാസാക്കാനായിരുന്നില്ല. 26ലെ യോഗത്തിൽ ഈ അജണ്ട പരിഗണനക്ക് വരും. സെപ്റ്റംബർ 13നാണ് വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈടായി നൽകിയ പ്രമാണങ്ങൾ വായ്പക്കാർക്ക് തിരികെ നൽകാനായിരുന്നു തീരുമാനം.
42 കാർഷിക വായ്പകളും 21 റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും ഇതിൽ ഉൾപ്പെട്ടിരുന്നു. ദുരന്തബാധിതർക്ക് ധനസഹായം നൽകാനും ബാങ്ക് ഭരണസമിതി തീരുമാനിച്ചിരുന്നു. 26ലെ യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ എതിർക്കാതിരുന്നാൽ അജണ്ട പാസാക്കി വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനമെടുക്കാനാവും. വരുന്ന സാമ്പത്തിക വര്‍ഷം 3,500 കോടി രൂപയുടെ കാര്‍ഷികവായ്പ വിതരണം ചെയ്യുന്ന കാര്യങ്ങളും അലങ്കോലപ്പെട്ട ജനറൽ ബോഡി യോഗ അജണ്ടയിലുണ്ടായിരുന്നു. ഇതും വീണ്ടും പരിഗണനക്ക് വരും.
അംഗ ബാങ്കുകളുടെ ലാഭവിഹിതമായി കൈമാറേണ്ട തുക സംബന്ധിച്ചും തീരുമാനമെടുക്കാനുണ്ട്. 77 ബാങ്കുകൾക്കും 25 ലക്ഷം രൂപവരെയാണ് ഈ ഇനത്തിൽ കൈമാറാനാവുക. ജനറൽ ബോഡി യോഗത്തിൽ എൽ.ഡി.എഫ് നിലപാട് നിർണായകമാണ്. പിരിച്ചുവിടപ്പെട്ട ഭരണസമിതി കോടതി ഉത്തരവിലൂടെ തുടരുന്നതിൽ സി.പി.എമ്മും സഹകരണ വകുപ്പും അസ്വസ്ഥരാണ്. യു.ഡി.എഫാവട്ടെ തങ്ങൾക്ക് ഭൂരിപക്ഷമുള്ളതും മികച്ചരീതിയിൽ പ്രവർത്തിക്കുന്നതുമായ സഹകരണ സ്ഥാപനം പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം തുടരണമെന്ന നിലപാടിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.