തൃത്താല: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിക്കെതിരായ വി.ടി. ബൽറാം എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ എം.എൽ.എയുടെ തൃത്താലയിലെ ഓഫിസിലേക്ക് ഡി.വൈ.എഫ്.െഎ ബ്ലോക്ക് കമ്മിറ്റിയാണ് മാർച്ച് നടത്തിയത്.
ഓഫിസിന് നേരെ പ്രവർത്തകർ കല്ലെറിയുകയും അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ ഉന്തുംതള്ളും നടന്നു. ഓഫിസിെൻറ ബോർഡും ജനൽചില്ലുകളും പുറത്തേക്ക് തള്ളിനിൽക്കുന്ന എ.സിയുടെ ഭാഗങ്ങളും തകർത്തു. ഓഫിസിലേക്ക് കരിഓയിൽ ഒഴിച്ചു. ഓഫിസിന് നേരെ മദ്യക്കുപ്പിയും എറിഞ്ഞിട്ടുണ്ട്. സമീപത്തെ വീട്ടിലെ എ.സിയുടെ ഭാഗങ്ങളും തകർത്തു. തുടർന്ന് നേതാക്കളെത്തി പ്രവർത്തകരെ ശാന്തമാക്കി.
പ്രതിഷേധ യോഗം ജില്ല കമ്മിറ്റിയംഗം വി.പി. റജീന ഉദ്ഘാടനം ചെയ്തു. കെ.പി. പ്രജീഷ്, അബ്ദുൽ കരീം, സുമോദ്, വിജേഷ് തുടങ്ങിയവർ സംസാരിച്ചു. മാർച്ചിനിടെയുണ്ടായ അതിക്രമത്തിൽ പത്തുപേരെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി അബ്ദുൽ കരീം, തൃത്താല ബ്ലോക്ക് സെക്രട്ടറി പി.പി. സുമോദ്, പ്രസിഡൻറ് കെ.പി. പ്രജീഷ്, ട്രഷറർ പി.പി. വിജേഷ്, കെ.പി. അഭിലാഷ്, അരുൺ, ഷഫീഖ്, നിജാഷ്, പവനാസ്, അരുൺ തുടങ്ങിയവരെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് കണ്ടാലറിയാവുന്നവർക്കെതിരെയും കേസുണ്ട്.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ സി.പി.എം ഓഫിസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞതോടെ അവർ റോഡ് ഉപരോധിച്ചു. അറസ്റ്റ് പ്രഖ്യാപിച്ചതോടെയാണ് ഉപരോധം പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.