തിരുവനന്തപുരം: ഒരു സമുദായത്തെ മറയാക്കി തടിച്ചുകൊഴുത്ത കൊള്ളസംഘമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നും മുൻ മന്ത്രി കെ.ടി. ജലീലിന്‍റെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീമിന്‍റെ പ്രതികരണം.
ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം മതത്തെയും വിശ്വാസത്തെയും മുന്‍നിര്‍ത്തി ഇരവാദം ഉയര്‍ത്തിയാണ് രക്ഷപ്പെടുന്നതെന്നും റഹീം കുറിച്ചു. ലീഗ് ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ആഘാതത്തെക്കാൾ അപകടകരമാണ് ഇരവാദത്തിന്റെ ഭാഗമായി ലീഗ് സൃഷ്ടിക്കുന്ന സാമുദായിക സ്പർദ്ധ. 'പാണക്കാട് തങ്ങളെ വേട്ടയാടുന്നു' എന്ന ഇരവാദം ഉയർത്തിയാണ് തനിക്ക് നേരെ ഉയർന്ന ഗുരുതര ആരോപണത്തെ കുഞ്ഞാലിക്കുട്ടി പ്രതിരോധിക്കുന്നത്. ഒരു വിഭാഗം ഇസ്ലാം മത വിശ്വാസികൾ ഏറെ ആദരവോടെ കാണുന്ന തങ്ങൾ കുടുംബത്തെ മുൻനിർത്തി എതിരാളികളുടെ വായടപ്പിക്കാൻ നടത്തുന്ന സൈക്കോളജിക്കൽ മൂവാണിതെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചന്ദ്രിക ദിനപ്പത്രത്തിൽ വന്ന് വെളുപ്പിച്ചു കൊണ്ട് പോയ കോടികളെക്കുറിച്ചു വിശദീകരിക്കാൻ പ്രയാസപ്പെടുന്ന ലീഗ് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ചന്ദ്രികയിലെ തൊഴിലാളികൾ പട്ടിണി സമരം നടത്തേണ്ടി വന്നത് എന്ത് കൊണ്ടാണെന്ന് കൂടി മറുപടി പറയാൻ തയ്യാറാകണമെന്നും റഹീം ആവശ്യപ്പെട്ടു.
എ.എ. റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഒരു സമുദായത്തെ മറയാക്കി,തടിച്ചു കൊഴുത്ത കൊള്ളസംഘമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അധികാരം ,ലീഗിന് അഴിമതിക്കും,കോടികളുടെ കള്ളപ്പണ ഇടപാടുകൾക്കുമുള്ള ഉപകരണം മാത്രമാണ്.ലീഗിനും അതിന്റെ നേതാക്കൾക്കുമെതിരെ എപ്പോഴൊക്കെ ആക്ഷേപം ഉന്നയിക്കപ്പെടുമോ,അപ്പോഴെല്ലാം,മതത്തെ,വിശ്വാസത്തെ മുൻ നിർത്തി അവർ ഇരവാദം ഉയർത്തും.
ഐസ്ക്രീം പാർലറിലെ പെൺവാണിഭം,പാലാരിവട്ടം, ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്,ഖത്വയിലെ ഉൾപ്പെടെ ഇരകൾക്കായി പിരിച്ച പണം തിരിമറി നടത്തിയത്,മുതൽ മാറാട് കലാപത്തിൽ ലീഗ് നേതാക്കൾക്കുള്ള ബന്ധം വരെ,എത്ര വലിയ ആരോപണങ്ങൾ എന്നൊക്കെ ഉയർന്നാലും, മുസ്ലിം വേട്ടയെന്ന ഇരവാദം വച്ച് ലീഗ് പ്രതിരോധം തീർക്കും.
അത് നേതാക്കൾനേരിട്ട് പറയുന്നത് മാത്രമല്ല,സാമൂഹ്യ മാധ്യമങ്ങളിൽ വിഷലിപ്തമായ വംശീയ ഇരവാദം അവർ പ്രസരിപ്പിക്കും.ലീഗ് ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ആഘാതത്തെക്കാൾ അപകടകരമാണ് ഇരവാദത്തിന്റെ ഭാഗമായി ലീഗ് സൃഷ്ടിക്കുന്ന സാമുദായിക സ്പർദ്ധ.
ശ്രീ കെ ടി ജലീൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം ശ്രീ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം നോക്കൂ.. ശ്രീ കുഞ്ഞാലിക്കുട്ടിയുടെ മറുപടി അവസാനിച്ചു.
ശ്രീ വി ഡി സതീശൻ കൂട്ടിച്ചേർക്കലുകളും നടത്തി.അവസാനിപ്പിക്കാം എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.പൊടുന്നനെ,ശ്രീ കുഞ്ഞാലിക്കുട്ടി വീണ്ടും മൈക്ക് വാങ്ങുന്നു. പാണക്കാട് തങ്ങളെ ഇ ഡി ചോദ്യം ചെയ്ത സംഭവം പഴയതാണെന്നും,അതിപ്പോൾ വീണ്ടും ആവർത്തിച്ചു അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കുഞ്ഞാലിക്കുക്കുട്ടി ആവർത്തിക്കുന്നു.
"പാണക്കാട് തങ്ങളെ വേട്ടയാടുന്നു"എന്ന ഇരവാദം ഉയർത്തിയാണ് തന്റെ നേർക്കുയർന്ന ഗുരുതരമായ ആരോപണത്തെ ശ്രീ കുഞ്ഞാലിക്കുട്ടി പ്രതിരോധിക്കുന്നത്.ഒരു വിഭാഗം ഇസ്ലാം മത വിശ്വാസികൾക്കിടയിൽ ഏറെ ആദരവോടെ കാണുന്ന തങ്ങൾകുടുംബത്തെ മുൻ നിർത്തി എതിരാളികളുടെ വായടപ്പിക്കാൻ നടത്തുന്ന സൈക്കോളജിക്കൽ മൂവ്.....
ചിലപ്പോൾ, സമുദായത്തെ,മറ്റു ചിലപ്പോൾ തങ്ങൾ കുടുംബത്തെ മുൻ നിർത്തി ശ്രീ കുഞ്ഞാലിക്കുട്ടിയും ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും ആർജ്ജിച്ച സ്വത്ത് എത്രമാത്രമാണ്?. സംഘപരിവാർ രാഷ്ട്രീയത്തിന് കോൺഗ്രസ്സ് വിനീത വിധേയരായപ്പോൾ 'നൊമ്പരം'മാത്രം രേഖപ്പെടുത്തി
മൗനവ്രതം സ്വീകരിച്ച ലീഗ്,കോൺഗ്രസ്സിനെ ചില സന്ദർഭങ്ങളിൽ മാത്രം സമ്മർദ്ദത്തിലാക്കും. അത്,അഴിമതിക്കും,സ്ഥാനമാനങ്ങൾക്കും, ചില ലീഗ് നേതാക്കൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ മറുവാക്ക് പറയാതിരിക്കാനും വേണ്ടി മാത്രമാണ്. മതം,നല്ല ഒന്നാംതരം മറയാണ് ലീഗിന്.
എന്നാൽ അതേ മതം ശക്തമായി വിലക്കിയ അഴിമതിയും,അധികാരത്തിലുള്ളവരുടെ ആർഭാടവും,മുതൽ സർവ അരാചക പ്രവണതകളും ലീഗ് ആഘോഷപൂർവം തുടരും. ഇതിന് അറുതി വേണം. ശ്രീ കെ ടി ജലീൽ ഉയർത്തിയ ആരോപണങ്ങൾ വളരെ പ്രസക്തമാണ്.
ചന്ദ്രിക ദിനപ്പത്രത്തിൽ വന്ന് വെളുപ്പിച്ചു കൊണ്ട് പോയ കോടികളെക്കുറിച്ചു വിശദീകരിക്കാൻ പ്രയാസപ്പെടുന്ന ലീഗ്, ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ചന്ദ്രികയിലെ തൊഴിലാളികൾ പട്ടിണി സമരം നടത്തേണ്ടി വന്നത് എന്ത് കൊണ്ട്, എന്ന് കൂടി മറുപടി പറയാൻ തയ്യാറാകണം.സംസ്ഥാനത്തെ പൊതുഖജനാവ് മാത്രമല്ല,സ്വന്തം ചന്ദ്രികയെയും കൊള്ളയടിക്കുന്നവരാണ് ലീഗ് നേതൃത്വം.
ശ്രീ കെ എം ഷാജിക്കെതിരായ ആരോപണം,ശ്രീ എം സി ഖമറുദീന് എതിരായ ആരോപണം,യൂത്ത് ലീഗ്,എംഎസ്എഫ് തുടങ്ങിയ സംഘടനകൾ നടത്തിയ വിവിധ ഫണ്ട് തട്ടിപ്പുകൾ,ഒന്നിൽ പോലും ലീഗ് അന്വഷണം നടത്തിയതായോ ആർക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചതായോ ആർക്കും അറിയില്ല .സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു പാലാരിവട്ടം പാലം.പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ ഒരു മണിക്കൂർ നേരം പോലും അദ്ദേഹം ഉൾപ്പെടുന്ന ഘടകത്തിൽ നിന്നും ലീഗ് മാറ്റി നിർത്തിയിട്ടില്ല.!!.
ലീഗിൽ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. പരസ്പരം കണ്ണടയ്ക്കുന്ന, പരസ്പരം സഹായിക്കുന്ന കൊള്ളസംഘമായി ലീഗ് മാറി. ശ്രീ കെ എം ഷാജിയുടെ വീട് സംബന്ധിച്ച വിവാദം നോക്കൂ..വീടിന് പൊടുന്നനെ പുതിയ അവകാശികൾ അവതരിക്കുന്നു..അതിൽ ഒരാൾ ലീഗിന്റെ പ്രമുഖനായ നേതാവ്.ഷാജിയുടെ റിയൽ എസ്റ്റേറ്റ് പങ്കാളിയാണ് അദ്ദേഹം.ലീഗ് നേതാക്കൾ തന്നെയാണ് ശ്രീ ഷാജിയുടെ ബിസിനസ്സ് പങ്കാളികളും.
മുസ്ലിംലീഗ് വിമര്ശിക്കപ്പെടാൻ പാടില്ലാത്ത വിശുദ്ധ പശുവാണെന്ന് പ്രതീതിയുണ്ടാക്കി ഇനിയും ഇവരെ രക്ഷപെടാൻ അനുവദിക്കരുത്.പുതിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ആരോപണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിൽ പതിവ് ഇരവാദത്തിനെതിരെ സമൂഹം കരുതിയിരിക്കണം.
ലീഗിന്റെ കള്ളപ്പണ കഥകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ...stay tuned..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.