കേന്ദ്ര അവഗണനക്കെതിരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി.

കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡി.വൈ.എഫ്.ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എ.എ റഹീം എം.പി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്‌.ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ.പി ജയരാജൻ അവസാന കണ്ണിയായി.

വൈകീട്ട് നാലരയ്‌ക്ക്‌ ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ എടുത്തു. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനങ്ങളിൽ നേതാക്കൾ സംസാരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവൻ, എം. എ ബേബി, തോമസ് ഐസക്, സംവിധായകൻ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ ചങ്ങലയിൽ കണ്ണിയായി.

കോഴിക്കോട്ട് എഴുത്തുകാരായ കെ. ഇ.എന്‍ കുഞ്ഞഹമ്മദ്, കെ.പി രാമനുണ്ണി, നടൻ ഇർഷാദ് അലി, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ടി.പി രാമകൃഷ്ണൻ എം.എൽ.എ, പി. മോഹനൻ, കാനത്തിൽ ജമീല എം.എൽ.എ, സച്ചിൻ ദേവ് എം.എൽ.എ ,മേയർ ബീന ഫിലിപ്പ്, തുടങ്ങിയവർ ചങ്ങലയുടെ ഭാഗമായി.

തൃശൂർ കോർപ്പറേഷന് മുന്നിൽ കവി കെ. സച്ചിദാനന്ദൻ, കരിവള്ളൂർ മുരളി, പ്രിയനന്ദനൻ. രാവുണ്ണി, അശോകൻ ചരുവിൽ,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.പി.ബാലചന്ദ്രൻ എം.എൽ.എ, സി.പി.നാരായണൻ, ഗ്രാമപ്രകാശ്, സി.പി അബൂബക്കർ,സി.എസ് ചന്ദ്രിക എന്നിവർ ചങ്ങലയുടെ ഭാഗമായി. ഫാസിസ്റ്റ് സർക്കാരിനെതിരായ സമരത്തിൽ എല്ലാ സാംസ്കാരിക നായകരും പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് കവി സച്ചിദാനന്ദൻ തൃശൂരിൽ പറഞ്ഞു.  

Tags:    
News Summary - DYFI mobilized lakhs against central neglect and broke the human chain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.