തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശം അപരിഷ്കൃതമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ആധുനിക കേരളത്തിന് ചേരുന്നതല്ല കൊടിക്കുന്നിലിന്‍റെ പ്രസ്താവന. ആര് ആരെ വിവാഹം കഴിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്. സ്തീ സ്വാതന്ത്ര്യത്തിനു വ്യക്തി സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണ് കൊടിക്കുന്നിലിന്‍റെ പരാമർശമെന്നും റഹീം പറഞ്ഞു.
എന്നാൽ തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. നവോത്ഥാനം സ്വന്തം വീട്ടിൽ നിന്നുതുടങ്ങണം എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നിൽ പറഞ്ഞത്. അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്‍റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയൻറെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.