തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസ്സാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സി.പി.എം യുവജന സംഘടനയായ ഡി.വെ.എഫ്.ഐ രംഗത്ത്. പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് ഡി.വെ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.
122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാകും. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന-വേതന ഘടനകൾ പരിഷ്കരിച്ച് ഏകീകരിക്കാൻ 2017 ൽ റിയാബ് (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇന്‍റേണൽ ഓഡിറ്റ് ബോർഡ്) ചെയർമാൻ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശകൾ അംഗീകരിച്ചാണ് പെൻഷൻ പ്രായം ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
പ്രതിവർഷം ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.എസ്.ആർ.ടി.സി എന്നിവയിലെ ജീവനക്കാരെ പുതിയ വിരമിക്കൽ പ്രായത്തിൽനിന്ന് ഒഴിവാക്കിയാണ് ധനവകുപ്പിന്‍റെ ഉത്തരവ്.
നിലവിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത വിരമിക്കൽ പ്രായപരിധിയാണുള്ളത്. ഒരേ സ്ഥാപനത്തിൽതന്നെ വർക്കേഴ്സിന് 60, സ്റ്റാഫിന് 58 എന്ന നിലയുമുണ്ടായിരുന്നു. ഇതെല്ലാം ഏകീകരിച്ചാണ് 60 വയസ്സായി നിജപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. നിലവില്‍ വിരമിച്ചവര്‍ക്ക് ഉത്തരവ് ബാധകമല്ല. 58 വയസ്സായി വിരമിക്കൽ പ്രായം നിശ്ചയിച്ച സ്ഥാപനങ്ങളിൽ പുതിയ തീരുമാനം ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും. അതിനിടെ തങ്ങളുടെ പെൻഷൻ പ്രായവും വർധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ സർവിസിലെ സംഘടനകൾ രംഗത്തുവന്നു.
നിലവിലെ ഉത്തരവിൽ കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.എസ്.ആർ.ടി.സി എന്നിവയെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇവയെ ഒഴിവാക്കിയിട്ടില്ലെന്നും പ്രത്യേക പഠനം നടത്തിയശേഷമാകും തീരുമാനമെന്നും ഉത്തരവിലുണ്ട്. 2017ൽ റിയാബ് ചെയർമാൻ അധ്യക്ഷനായി സമിതിയെ പഠനത്തിന് നിയോഗിക്കുമ്പോൾ നിശ്ചയിച്ച് നൽകിയ പരിഗണനാവിഷയങ്ങളിൽ (ടേംസ് ഓഫ് റഫറൻസ്) ഈ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെട്ടിരുന്നില്ല. ഇവ മൂന്നും സേവന സ്വഭാവത്തിലുള്ള യൂട്ടിലിറ്റി സർവിസുകളാണെന്നതും നിർമാണ -ഉൽപാദന രംഗത്തല്ല ഇവ പ്രവർത്തിക്കുന്നതെന്നതുമാണ് ഒഴിവാക്കലിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
പഠനം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് മറ്റിടങ്ങളിലെ നടപ്പാക്കലിന് കാലതാമസം വരുത്തുമെന്നതാണ് ഇവയെ ഒഴിവാക്കി ഇപ്പോൾ ഉത്തരവിറക്കാൻ കാണം. അതേസമയം മൂന്നിടങ്ങളിലും പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാല് മാസത്തിനകം റിപ്പോർട്ട് നടപ്പാക്കാനാണ് നിർദേശം.
പൊതുമേഖലാ സ്ഥാപങ്ങളിൽ തീരുമാനം നടപ്പാക്കിയതോടെ പെൻഷൻ പ്രായം ഉയർത്തണമെന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യം ശക്തമാകും. യുവജനസംഘടനകളുടെ എതിർപ്പ് കണക്കിലെടുത്താണ് ഇതുസംബന്ധിച്ച ശമ്പള കമീഷൻ ശിപാർശയടക്കം സർക്കാർ നടപ്പാക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.