തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 10 വർഷം കൊണ്ട് ഇരട്ടിയായി; എന്നാൽ ഭൂമിയുടെ ക്ലാസിഫിക്കേഷൻ ഇപ്പോഴും 10 വർഷം മുമ്പുള്ള അവസ്ഥയിൽ. 2010 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ന്യായവില പട്ടികയിൽ വാഹന ഗതാഗത സൗകര്യമില്ലാത്ത വസ്തുവിന് ഒരു ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നത് നിലവിൽ രണ്ടു ലക്ഷമായി. ക്ലാസിഫിക്കേഷൻ ഇപ്പോഴും വാഹന ഗതാഗത സൗകര്യമില്ലെന്ന പട്ടികയിലാണ്.
ഈ ഭൂമി വാഹന ഗതാഗത സൗകര്യമുണ്ടെങ്കിൽ കൈമാറ്റം രജിസ്റ്റർ ചെയ്യേണ്ടതിന് ഇരട്ടി വില (നാലു ലക്ഷം) നിശ്ചയിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വേണമെന്ന ചില രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ നിർദേശം സംസ്ഥാനത്തെ ഭൂമികൈമാറ്റ രജിസ്േട്രഷൻ താളം തെറ്റിക്കുന്നു.
ന്യായവില കൂട്ടിയപ്പോൾ കുറ്റമറ്റ രീതിയിൽ ഭൂമിയുടെ ക്ലാസിഫിക്കേഷൻ നിശ്ചയിക്കാത്തത് രജിസ്റ്ററിങ് ഉദ്യോഗസ്ഥർക്ക് ചാകരയാകുന്നു.
ഹൈവേ റോഡിന് മുന്നിലുള്ളതും പട്ടണങ്ങളിലുള്ളതും ഗ്രാമങ്ങളിലുള്ളതുമൊക്കെ ഒരുപോലെയാണ് ന്യായവില കൂട്ടിയത്. ഹൈവേയിലും പട്ടണങ്ങളിലുമുള്ള ഭൂമിക്ക് വിപണിവില വർധിച്ചെങ്കിലും ഗ്രാമങ്ങളിലെ ഭൂമിക്ക് വിപണിവില കുറയുകയാണുണ്ടായത്.
ഭൂനികുതി അടയ്ക്കുന്നതും അവകാശ രേഖകളെല്ലാമുള്ളതുമായ സ്വകാര്യഭൂമി സർക്കാർ ഭൂമിയെന്നുവരെയുള്ള ന്യായവില രജിസ്റ്ററിൽ തെറ്റുകളുടെ പരമ്പരയാണ്. ഇതുകാരണം മക്കൾക്കുപോലും വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്തുകൊടുക്കാനാകാത്ത നിരവധി കുടുംബങ്ങളുണ്ട്.
നോട്ട് അസാധുവാക്കലും കോവിഡും ഭൂമിയുടെ വിൽപന പകുതിയിലേറെ കുറച്ചിട്ടും അന്യായവില നിശ്ചയിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ചുമത്താനാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാർക്ക് നിർദേശം നൽകിയത്. നിലവിലുള്ള ഭൂമിയുടെ ന്യായവില അസാധുവാക്കി പുതുക്കി നിശ്ചയിക്കുന്നതിനായി രണ്ടുവർഷം മുമ്പ് പദ്ധതി തയാറാക്കിയെങ്കിലും അത് പാളി.
ജോലിഭാരം വർധിക്കുമെന്ന ജീവനക്കാരുടെ പരാതി ശക്തമായതോടെ റവന്യൂ വകുപ്പ് സർക്കാർ അനുകൂല സംഘടനയിലെ സമ്മർദത്തെ തുടർന്ന് സർക്കാർ ന്യായവില പുതുക്കി നിശ്ചയിക്കുന്നത് നിർത്തിെവക്കുകയായിരുന്നു.
നിലവിലുള്ള ന്യായവില പട്ടികയിൽ മിക്ക വില്ലേജുകളിലും പൂർണമായും ന്യായവില നിശ്ചയിച്ചിട്ടില്ല.
നിരവധി വില്ലേജുകളിൽ നൂറുകണക്കിന് സർവേ നമ്പറുകൾ ന്യായവില പട്ടികയിൽ കാണാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.