കൊണ്ടോട്ടി: ഈസ്റ്ററിനു പിറകെ പെരുന്നാളും വിഷുവുമെത്തുമ്പോള്‍ ഇറച്ചിക്കോഴി വില കുതിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 240 മുതല്‍ 260 രൂപ വരെയാണ് വില. കോഴിക്ക് കിലോഗ്രാമിന് 160 മുതല്‍ 180 രൂപ വരെ നല്‍കണം. റമദാന് ആരംഭത്തോടെയാണ് വില വന്‍തോതില്‍ ഉയര്‍ന്നത്. നോമ്പിന്റെ ആദ്യ ദിവസങ്ങളില്‍ കോഴിയിറച്ചി കിലോക്ക് 180 രൂപയും കോഴിക്ക് 120 രൂപയുമായിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ ഇറച്ചിക്ക് 60 രൂപയും കോഴിക്ക് 40 രൂപയുമാണ് വര്‍ധിച്ചത്. പെരുന്നാള്‍ അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.
അനിയന്ത്രിതമായി വില വര്‍ധിക്കുന്നതിനാല്‍ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറവാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നാമമാത്ര വില്പനയാണ് ചില്ലറവിപണിയില് നടക്കുന്നത്.
തമിഴ്നാട്ടില്‍നിന്ന് യഥേഷ്ടം കോഴികൾ എത്തുന്നതിനാല്‍ നിലവില്‍ ക്ഷാമമില്ല. എന്നാല്‍, പ്രാദേശിക ഫാമുകളില്‍നിന്ന് നേരത്തേയുണ്ടായിരുന്നതിന്റെ പത്തിലൊന്നുപോലും വിപണിയിലെത്തുന്നില്ല. വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ലാത്തതും തിരിച്ചടിയാണ്. തമിഴ്നാട്ടിലെ പല്ലടം, പൊള്ളാച്ചി ഭാഗങ്ങളില്‍നിന്നാണ് സംസ്ഥാനത്തെ മൊത്തവിപണിയിലേക്ക് പ്രധാനമായി ഇറച്ചിക്കോഴികൾ എത്തുന്നത്.
അവിടത്തെ ഉൽപാദക സംഘങ്ങളും ഇടത്തട്ടുകാരും ആഘോഷവേളകളില്‍ ആസൂത്രിതമായി വില വര്‍ധിപ്പിക്കുകയാണെന്ന പരാതി വ്യാപകമാണ്. സംസ്ഥാനത്തെ കോഴിക്കര്‍ഷകര്‍ക്ക് കുഞ്ഞുങ്ങളെയും തീറ്റയും വിതരണംചെയ്യുന്നത് തമിഴ്നാട്ടിലെ ഏജന്‍സികളാണ്.
ഒരു കോഴിക്കുഞ്ഞിനെ വാങ്ങി വളര്‍ത്തുന്നതിനു വേണ്ട സമയവും ചെലവും കണക്കിലെടുത്ത് കുഞ്ഞുങ്ങള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ആവശ്യം കൂടുന്ന സമയത്ത് പ്രാദേശിക ഉൽപാദനം കുറക്കുകയും അവിടെനിന്നുള്ള കോഴിക്ക് മാനദണ്ഡങ്ങളില്ലാതെ വില ഉയര്‍ത്തുകയുമാണ് തമിഴ്നാട് ലോബി ചെയ്യുന്നതെന്ന് ചെറുകിട വ്യാപാരികളും ഫാം നടത്തിപ്പുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.