എച്​മുക്കുട്ടി

എന്നോടും ആ വാവയോടും അയ്യപ്പനന്മ വിളമ്പരുത് -എച്​മുക്കുട്ടി

തിരുവനന്തപുരം: കവി അയ്യപ്പൻറെ ചരമവാർഷികദിനത്തിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരണവുമായി എഴുത്തുകാരി എച്​മുക്കുട്ടി. അയ്യപ്പനിൽനിന്ന്​ നേരിട്ട ലൈംഗിക ദുരനുഭവങ്ങൾ നേരത്തെ ഇവർ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ്​ ഇപ്പോൾ ചിലർ മനുഷ്യ വിരുദ്ധമായ രീതിയിൽ സംസാരിക്കുന്നതെന്ന്​ എച്​മുക്കുട്ടി ചൂണ്ടിക്കാട്ടി.

തന്നോടും തനിക്ക് നേരിട്ടറിയാവുന്ന അന്നത്തെ പത്തുവയസ്സുകാരിയായ വാവയോടും കവി കാണിച്ച അപമര്യാദയായ പെരുമാറ്റം, ലൈംഗികമായ കടന്നുകയറ്റം എന്നിവ വെളിപ്പെടു​ത്തിയതിനാണ്​​ ആണഹന്തക്കാർ ആക്രമിക്കുന്നതെന്ന്​ അവർ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ആരോപിച്ചു.

''അയ്യപ്പൻ മരിച്ചതുകൊണ്ടോ കവിതകൾ എഴുതിയതുകൊണ്ടോ എന്നോടും ആ വാവയോടും ചെയ്ത ഹീനപ്രവൃത്തി മാപ്പാക്കപ്പെടുകയില്ല. എന്നോടും ആ പത്തുവയസ്സുള്ള വാവയോടും ചെയ്തതൊന്നും ഇല്ലാതാവുകയില്ല. അത് മാറ്റിപ്പറയപ്പെടുകയില്ല. അത് ഉണങ്ങാമുറിവാണ്. അതിന് ചൂട്ടുപിടിച്ചവരും ആ ഉണങ്ങാമുറിവിൻറെ ദുസ്വപ്നമാണ്. ആർക്കും അയ്യപ്പനെ ആരാധിക്കാം...കവിത വായിച്ചു പുളകം കൊള്ളാം.. അമ്പലങ്ങൾ പണിയാം... സ്നേഹിച്ചുകൊണ്ടേയിരിക്കാം.. എന്നോടും ആ വാവയോടും അയ്യപ്പനന്മ വിളമ്പരുത്'' എന്ന്​ പറഞ്ഞുകൊണ്ടാണ്​ കുറിപ്പ്​ അവസാനിക്കുന്നത്​. 

ഫേസ്​ബുക്​ പോസ്​റ്റിൻെറ പൂർണരൂപം:

അയ്യപ്പനന്മയുടെ അപ്പോസ്തലന്മാർ


കവി അയ്യപ്പൻറെ ചരമവാർഷികം ആയിരുന്നല്ലോ. അപ്പോൾ എന്നോടും എനിക്ക് നേരിട്ടറിയാവുന്ന അന്നത്തെ പത്തുവയസ്സുകാരിയായ വാവയോടും കവി കാണിച്ച അപമര്യാദയായ പെരുമാറ്റം, ലൈംഗികമായ കടന്നുകയറൽ ഇതെല്ലാം എൻറെ പഴയ പോസ്റ്റ് എടുത്തും ആത്മകഥയിലെ ഭാഗങ്ങൾ പോസ്റ്റ്‌ ചെയ്തും യൂ ട്യൂബ് ലിങ്ക് ഇട്ടും ഒക്കെ എല്ലാവരും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു.


വളരെ മനുഷ്യ വിരുദ്ധമായ രീതിയിൽ സംസാരിക്കുന്ന ആണഹന്തയുടെ എടുപ്പുകുതിരകളേയും ലിംഗമാണ് തലച്ചോറ് എന്ന് പ്രഖ്യാപിച്ചു വിജൃംഭിതരാകുന്ന മനുഷ്യ രൂപം ധരിച്ചവരേയും കണ്ടു. വിശദീകരണങ്ങൾ അവർക്ക് മനസ്സിലാവില്ല.


ചികിത്സയില്ലാത്ത ലിംഗരോഗബാധിതരാണവർ. അയ്യപ്പൻ എന്നെ ഉപദ്രവിച്ചതിന് തെളിവ് വേണമത്രെ...ചില ജഡ്ജിമാരുടെ തീട്ടൂരമാണ്. തെളിവ് വഴിയേ പോകുന്നവരുടെ മുന്നിൽ വെയിലത്തുണക്കാനുള്ളതല്ലല്ലോ.


ഞാൻ ആദരിക്കുന്ന പല സ്ത്രീകളും ഈ ലിംഗരോഗബാധിതരുടെ പുലഭ്യം കേൾക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്.
പക്ഷേ, ഇതുകൊണ്ടൊന്നും അയ്യപ്പൻ എന്നോടും ആ പത്തുവയസ്സുള്ള വാവയോടും ചെയ്തതൊന്നും ഇല്ലാതാവുകയില്ല. അത് മാറ്റിപ്പറയപ്പെടുകയില്ല. അത് ഉണങ്ങാമുറിവാണ്. അതിന് ചൂട്ടുപിടിച്ചവരും ആ ഉണങ്ങാമുറിവിൻറെ ദുസ്വപ്നമാണ്.


അയ്യപ്പൻ മരിച്ചതുകൊണ്ടോ കവിതകൾ എഴുതിയതുകൊണ്ടോ എന്നോടും ആ വാവയോടും ചെയ്ത ഹീനപ്രവൃത്തി അനുഭവിച്ച ഞങ്ങളാൽ മാപ്പാക്കപ്പെടുകയില്ല.


ആർക്കും അയ്യപ്പനെ ആരാധിക്കാം...കവിത വായിച്ചു പുളകം കൊള്ളാം.. അമ്പലങ്ങൾ പണിയാം... സ്നേഹിച്ചുകൊണ്ടേയിരിക്കാം..
എന്നോടും ആ വാവയോടും അയ്യപ്പനന്മ വിളമ്പരുത്....

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.