കൊച്ചി: വനമേഖലയിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് വരുത്തുന്ന പ്രതിസന്ധി മറികടക്കാന്‍ കർമ പദ്ധതി ഒരുക്കാൻ കേരളം. നിയമ വിദഗ്ധർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സമിതി രൂപവത്കരിച്ച് പദ്ധതി തയാറാക്കി മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പുമായി ചർച്ച നടത്തി.
ഈ ഉത്തരവ് കൊണ്ട് കേരളം നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി അത് ഉന്നയിക്കേണ്ട തലത്തിൽ എത്തിക്കാൻ പദ്ധതി തയാറാക്കണമെന്ന ഉപദേശമാണ് ലഭിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിർദേശങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിക്കും. ഇതിനൊപ്പം രാഷ്ട്രീയ നീക്കങ്ങളും നടത്തും. കേന്ദ്ര മന്ത്രിമാരുമായി ഇക്കാര്യം സംസാരിക്കും. ഇത് മലയോര പ്രദേശവുമായി ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്നമായാണ് കാണുന്നത്.
പ്രക്ഷോഭത്തിന്റെ മാര്‍ഗമല്ല സഹകരണത്തിന്റെ മാര്‍ഗമാണ് വിധിയെ മറികടക്കാന്‍ സ്വീകരിക്കേണ്ടത്. പ്രതിപക്ഷം, ഭരണപക്ഷം എന്ന നിലയിൽ വേർതിരിച്ച് പ്രശ്നത്തെ കാണേണ്ടതില്ല. പ്രതിപക്ഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകളിൽ പൂജ്യം ബഫർ സോണാക്കി നിലനിർത്തണമെന്നാണ് കേ
രളത്തിന്‍റെ ആവശ്യം. പൊതുതാൽപര്യം മുൻനിർത്തി നിയന്ത്രണങ്ങളിൽ ഇളവ് നൽകാമെന്ന വിധിയിലെ സൂചന മുന്നോട്ടുവെച്ച് ഇളവ് തേടാനാണ് വനംമന്ത്രിക്ക് നിയമോപദേശം ലഭിച്ചത്. സംസ്ഥാനത്ത് കുമളി, കൊച്ചി നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിയന്ത്രണങ്ങൾക്ക് ഉള്ളിലാകും.
കസ്തൂരിരംഗന്‍: അന്തിമ വിജ്ഞാപനം വൈകും
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം ആറ് മാസം കൂടി നീട്ടാനൊരുങ്ങുന്നു. നിലവിലെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ആറു മാസം കൂടി നീട്ടുന്നത്.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ പഠിക്കാന്‍ മുന്‍ വനമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ അധ്യക്ഷനും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മുന്‍ പ്രഫസര്‍ ഡോ. ആര്‍. സുകുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് ഡയറക്ടര്‍, ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറൽ തുടങ്ങിയവർ അംഗങ്ങളുമായ സമിതിയെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. ഈ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്ന് മന്ത്രി ഭൂപേന്ദര്‍ യാദവ് സൂചന നൽകി. കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി നീട്ടുമെന്ന് കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞതായി ഡീന്‍ കുര്യാക്കോസ് എം.പിയും വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനകള്‍ തുടരുന്നതേയുള്ളൂ എന്നും മന്ത്രി എം.പിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.