സാമ്പത്തിക സംവരണം ഭരണഘടനാത്തട്ടിപ്പ്, ജഡ്ജിമാർ സമുദായ സംഘടന യോഗത്തിൽ പങ്കെടുക്കുന്നത് ദുഷ്പ്രവണത -ജസ്റ്റിസ് കെ ചന്ദ്രു

കളമശേരി: സംവരണം ഇല്ലാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ഭരണഘടനാഭേദഗതിയിലൂടെ പഠനത്തിനും ഉദ്യോഗത്തിനും സംവരണം അനുവദിച്ച നടപടിയെ ഭരണഘടനാത്തട്ടിപ്പായേ കാണാനാകൂ എന്ന് മദ്രാസ്‌ ഹൈക്കോടതി റിട്ട. ജഡ്‌ജി ജസ്റ്റിസ് കെ ചന്ദ്രു. നീതിന്യായവ്യവസ്ഥതന്നെ സാമൂഹ്യനീതിക്ക്‌ തടസ്സം നിൽക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാർ സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കുക, ദലിത് പിന്നോക്ക വിഭാഗ സംവരണത്തിനെതിരെ സംസാരിക്കുന്നവരെ മാനദണ്ഡം തെറ്റിച്ചു ഉന്നത കോടതിയിലേക്ക് ഉയർത്തുക, തുടങ്ങിയ അനേകം ദുഷ്പ്രവണതകൾ നമ്മുടെ ഭരണഘടനാധിഷ്ഠിത ഭരണ സംവിധാനത്തിൽ കടന്നു കൂടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1951ൽ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം സംവരണം അനുവദിക്കുന്ന മദ്രാസ് സംസ്ഥാന ഉത്തരവ് റദ്ദാക്കിയ ചെമ്പക ദുറെയ് രാജൻ കേസിലെ വിധിയും, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ, പട്ടിക ജാതി പട്ടിക വർഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കാൻ ഗവൺമെന്റിനെ പ്രാപ്തമാക്കുന്ന ഭരണഘടനയുടെ 15 (4) അനു ഛേദം വ്യാഖ്യാനിച്ചുകൊണ്ടുള്ള, വസന്തകുമാർ കേസിലെ സുപ്രീം കോടതി വിധി, സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം സംവരണം പാടില്ലെന്ന് മണ്ഡൽ കേസിലെ വിധി എന്നിവയ്ക്ക് എതിരായ പുതിയ സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ദൈവനാമം ചേർക്കണം എന്ന ഭേദഗതിയെയും ഇന്ത്യയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കണം എന്ന ഭേദഗതിയെയും വോട്ടിനിട്ട് തള്ളിയ ഭരണഘടനാ നിർമാണ സഭയിൽ വനിതകൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും അതിന് ദാക്ഷായണി വേലായുധൻ മുന്നിൽ ഉണ്ടായിരുന്നെന്നും സമ്മേളനം ഉൽഘാടനം ചെയ്ത വ്യവസായ നിയമ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ലോക്സഭയിൽ ഇന്ന് ഒരു ദലിത് വനിത പോലുമില്ലെന്നത് പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ്ചാൻസലർ പ്രഫ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. ദാക്ഷായണി വേലായുധന്റെ മകളും പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞയുമായ മീര വേലായുധൻ, പുത്രനും മുൻ അംബാസഡറുമായ കെ.വി. ഭഗീരഥ്, പ്രഫ. മിനി എസ്., ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടർ ഡോ. അഭയചന്ദ്രൻ, സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ ഫഹദ് അബ്ദുറഹ്മാൻ, സ്‌പോർട്സ് സെക്രട്ടറി സാന്ദ്ര എന്നിവർ സംസാരിച്ചു.

Tags:    
News Summary - Economic reservation EWS unconstitutional, judges attending community association meeting malpractice - Justice K Chandru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.