കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സൂപ്പർ അന്വേഷണ ഏജൻസിയല്ലെന്നും ഒട്ടേറെ പരിമിതികളുണ്ടെന്നും ഹൈകോടതി. കൊടകര കുഴൽപണക്കേസിൽ ഇ.ഡി അടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. അതേസമയം, പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചു. ഇതിൽ അന്വേഷണം നടന്നുവരികയാണെന്നും വ്യക്തമാക്കി.
കുറ്റകരമായ മാർഗത്തിലൂടെയുണ്ടാക്കിയ പണം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം അന്വേഷണം നടത്തി സർക്കാറിലേക്ക് കണ്ടുകെട്ടുകയെന്നതാണ് ഇ.ഡി ചെയ്യുന്നതെന്ന് ഹരജി പരിഗണിക്കവെ കോടതി പറഞ്ഞു. ഫെമ നിയമ പ്രകാരവും ഇ.ഡി അന്വേഷണം നടത്തും. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനുശേഷമാണ് ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ഇ.ഡിയുടെ അന്വേഷണമുണ്ടാകാറുള്ളതെന്നും കോടതി വ്യക്തമാക്കി. തുടർന്ന്, മുഴുവൻ കക്ഷികളുടെയും വാദം കേട്ട കോടതി ഹരജി വിധി പറയാൻ മാറ്റി.
അതേസമയം, ഗൂഢലക്ഷ്യത്തോടെയാണ് ഹരജിയെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ഇ.ഡി സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
കുറ്റപത്രം നൽകിയ കേസിൽ പൊതുതാൽപര്യ ഹരജി നിലനിൽക്കില്ല. ഒട്ടേറെപ്പേർക്കെതിരെ ആരോപണമുള്ള കേസിൽ അന്വേഷണ ഏജൻസിക്ക് എല്ലാ വശങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് 3.5 കോടി രൂപ കർണാടകയിൽ നിന്ന് ബി.ജെ.പിക്കുവേണ്ടി കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.