കൊച്ചി: 'ചന്ദ്രിക' കള്ളപ്പണ കേസിലെ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകി. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഇ.ഡി. അന്വേഷണം നടത്തുന്നത് ഹൈകോടതി സിംഗിൾ ബെഞ്ചിന്‍റെ നിർദേശ പ്രകാരമാണ്. തന്‍റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ പറയുന്നു.
ചന്ദ്രികയിലെ പണമിടപാടുമായി തനിക്ക് ബന്ധമില്ല. അതിനാൽ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണ്. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് സിംഗിൾ ബെഞ്ച് നടപടിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് അനധികൃതമായി സമ്പാദിച്ച 10 കോടി രൂപ 'ചന്ദ്രിക'യുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തെന്നായിരുന്നു കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവിെൻറ പരാതി. 2020 ആഗസ്റ്റ് 17നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, 'ചന്ദ്രിക' കള്ളപ്പണ കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് സാവകാശം തേടി. 16ന് ഹാജരാകാനാണ് ഇബ്രാഹിംകുഞ്ഞിനോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.