കൊച്ചി: മഞ്ഞുമ്മൽ ബോയ്്സ് നിർമാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്തു. ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സൗബിന് നോട്ടീസയക്കുകയും ചെയ്തിരുന്നു.
നേരത്തേ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായ ഷോൺ ആന്റണിയിൽ നിന്ന് ഇ.ഡി മൊഴിയെടുത്തിരുന്നു. സൗബിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.
സിനിമ റെക്കോർഡ് കലക്ഷനാണ് നേടിയത്. ആഗോളതലത്തിൽ 220 കോടിയാണ് സിനിമക്ക് ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ മുഖേന 20 കോടിയും സ്വന്തമാക്കി. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്നും ആരോപണമുയർന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിർമാതാക്കളെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തേ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണ പങ്കാളി അരൂർ സ്വദേശി സിറാജ് വലിയതുറ സൗബിനെതിരെ രംഗത്തുവന്നിരുന്നു. സിനിമക്ക് വേണ്ടി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകിയില്ലെന്നായിരുന്നു പരാതി. പരാതിയിൽ മരട് പൊലീസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ ബോക്സ് ഓഫിസ് വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. 2022 ഫെബ്രുവരിയിലാണ് പറവ ഫിലിംസ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.