കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുഖ്യപ്രതി സതീഷ് കുമാറിനെ വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സി.പി.എം നേതാവുമായ പി.ആർ. അരവിന്ദാക്ഷൻ സഹായിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുള്ളതിന്റെ രേഖകൾ ലഭിച്ചെന്നും സതീഷിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ടിൽനിന്നാണ് ഇയാൾക്ക് പണം ലഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതടക്കം അരവിന്ദാക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ബിനാമി വായ്പ ഇടപാടുകളിലൂടെയുള്ള പണമാണ് അരവിന്ദാക്ഷന് ലഭിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ടാണ് സതീഷിനെ അരവിന്ദാക്ഷൻ സഹായിച്ചത്. ഇതുമായി ബന്ധപ്പെട്ടെല്ലാം അരവിന്ദാക്ഷനെതിരെ വ്യക്തമായ സാക്ഷിമൊഴികളുണ്ട്. ബാങ്കിലെ മുൻ ജീവനക്കാരൻ പി.പി. കിരൺ തട്ടിയെടുത്ത 24 കോടിയിൽ 25 ലക്ഷം അരവിന്ദാക്ഷന് നൽകിയതായി മുൻ മാനേജർ ബിജു കരീമിന്റെ മൊഴിയുണ്ട്. അരവിന്ദാക്ഷനുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവുകൾ സതീഷിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയക്കാർ അടക്കം ഉന്നതരുമായി അരവിന്ദാക്ഷന് ബന്ധമുണ്ട്. ആദായ നികുതി രേഖകൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
തൃശൂർ ബാങ്ക്സെക്രട്ടറിയെയും സതീഷിന്റെ ഭാര്യയെയും ചോദ്യം ചെയ്തു
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി ബിനു, മുഖ്യപ്രതി സതീഷ്കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്തു.
ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ സി.പി.എം നേതാവ് എം.കെ.കണ്ണൻ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.