തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് പ്രതി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്കിയ കേരള പൊലീസിലെ വനിതാ കോൺസ്റ്റബിൾമാരെ ചോദ്യംചെയ്യാൻ എൻഫോഴ്സ്മെൻറ് (ഇ.ഡി) നീക്കം തുടങ്ങി. കൊച്ചിയിലെ പൊലീസുകാരായ റജിമോള്‍, സിജി വിജയന് എന്നിവരെയാകും ചോദ്യംചെയ്യുക. ഇവർക്കെതിരെ കേസെടുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഇൗ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് ഇ.ഡിയുടെ മറുനീക്കം.
സ്വപ്നയുടെ ശബ്ദസന്ദേശം ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നക്കുമേല് ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരികളുടെ മൊഴി. എന്നാൽ, സ്വപ്നയുടെ ശബ്ദസന്ദേശം ചോർന്നതിൽ കേരള പൊലീസ്, ജയിൽ വകുപ്പുകളെ സംശയ നിഴലിൽ നിർത്തുകയായിരുന്നു ഇ.ഡി. ഇപ്പോൾ പൊലീസുകാരികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ അവർ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്.
അതിെൻറ അടിസ്ഥാനത്തിലാണ് പൊലീസുകാരെ ചോദ്യം ചെയ്യാൻ നീക്കമുള്ളത്. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്തടിസ്ഥാനത്തിലാണ് സേനാംഗങ്ങളെ ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്ദേശിക്കുന്നതെന്നും അവർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.